ഗുരുവായൂര്‍: ഗുരുവായൂരപ്പന് ഭക്തന് വഴിപാടായി നല്‍കിയത് രണ്ടരലക്ഷം രൂപ വിലവരുന്ന വലിയ നാഴികമണി. ആറാംവിളക്കുദിവസം ചെന്നൈയിലെ ഒരു ഭക്തനാണ് നാഴികമണി കാണിക്കയായി സമര്‍പ്പിച്ചത്. ക്ഷേത്രത്തിലെ പഴയ മണിയുടെ അതേ അളവിലാണ് പുതിയതും തയ്യാറാക്കിയിട്ടുള്ളത്.
വര്‍ഷങ്ങളായി ഉപയോഗിക്കുന്ന പഴയ വലിയ നാഴികമണി പൊട്ടിയതിനാല്‍ അത് മാറ്റി പകരം പുതിയ നാഴികമണി ഇവിടെ സ്ഥാപിക്കും. ഇരിങ്ങാലക്കുട നടവരമ്പ് വെല്വിക്സിലെ ഉണ്ണിമേനോന്റെ മേല്‍നോട്ടത്തില്‍ ശില്പി കിഴക്കുമ്പാട്ടുകര സുബ്രഹ്മണ്യനാണ് മണി നിര്‍മ്മിച്ചത്. ഓടിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇതിന് 125 കിലോ ഭാരവും 27 ഇഞ്ച് ഉയരമുണ്ട്.
വെള്ളിയാഴ്ച അത്താഴപ്പൂജയ്ക്കുമുന്പ് നടന്ന സമര്‍പ്പണച്ചടങ്ങില്‍ ദേവസ്വം ചെയര്മാന് കെ.ബി. മോഹന്‍ദാസ്, ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന് നമ്പൂതിരിപ്പാട്, ഭരണസമിതി അംഗങ്ങള്‍, അഡ്മിനിസ്ട്രേറ്റര്‍ എസ്വി. ശിശിര്‍ എന്നിവര്‍ പങ്കെടുത്തു.