തൊടുപുഴ: തുടര്‍ച്ചയായി രണ്ട് മാസം റേഷന്‍ സാധനങ്ങള്‍ വാങ്ങാത്തവരുടെ റേഷന്‍ കാര്‍ഡ് മരവിപ്പിക്കാന്‍ സിവില്‍ സപ്ലൈസ് വകുപ്പ് നടപടിയെടുത്തതോടെ റേഷന്‍ കടകളില്‍ വന്‍ തിരക്ക്. ആറ് മാസത്തേക്കായിരിക്കും കാര്‍ഡ് മരവിപ്പിക്കുക. ഇതോടെ ദൂരസ്ഥലങ്ങളിലുള്ളവര്‍ പോലും റേഷന്‍ കടകളില്‍ എത്തി തങ്ങളുടെ വിഹിതം വാങ്ങാന്‍ തുടങ്ങി.
2018 നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ റേഷന്‍ വാങ്ങാത്തവരുടെ വിവരങ്ങള്‍ താലൂക്ക് സപ്ലൈ ഓഫീസര്‍മാരും റേഷനിങ് ഇന്‍സ്പെക്ടര്‍മാരും ശേഖരിച്ചു തുടങ്ങി. റേഷന്‍ വിതരണം ഇ-പോസ് മെഷീന് ഉപയോഗിച്ചായതിനാല്‍ റേഷന്‍ വിഹിതം വാങ്ങാന്‍ കാര്‍ഡ് ഉടമയോ കാര്‍ഡിലെ മറ്റേതെങ്കിലും അംഗത്തിന്റേയോ വിരലടയാളം വേണം.
ഇത് കാരണം പലരും റേഷന്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്താതെയായി. എന്നാല്‍ സിവില്‍ സപ്ലൈസ് വകുപ്പ് കാര്‍ഡ് മരവിപ്പിക്കാന്‍ നടപടിയുമായി മുന്നോട്ട് പോയതോടെ റേഷന്‍കടകളില്‍ തിരക്ക് കൂടിയിരിക്കുകയാണിപ്പോള്‍. കേരളത്തില്‍ എവിടേയുമുള്ള റേഷന്‍ കടയില്‍ നിന്നും ഉത്പന്നങ്ങള്‍ വാങ്ങാന്‍ സാധിക്കുന്ന പോര്‍ട്ടബിലിറ്റി സംവിധാനത്തെ കുറിച്ച് കൂടുതല്‍ ഉപഭോക്താക്കള്‍ക്കും അറിയില്ല. ഇതും റേഷന്‍ കടകളിലെ തിരക്ക് വര്‍ധിക്കുന്നതിന് കാരണമാവുന്നു.