കൊച്ചി: പ്രൊഫഷണല്‍ കായികരംഗത്തുള്ള പല കളിക്കാര്‍ക്കും അതിനു ശേഷമുള്ള ജീവിതത്തില്‍ എന്ത് ചെയ്യണമെന്ന് അറിയില്ലെന്ന് മുന്‍ ലോക ഒന്നാംനമ്പര്‍ ടെന്നിസ് താരം ആന്ദ്രേ അഗാസി അഭിപ്രായപ്പെട്ടു. അതിനാല്‍ മത്സരവേളയില്‍ തന്നെ വിദ്യാഭ്യാസ രംഗത്തും സാങ്കേതികവിദ്യ ഉപയോഗിച്ച് ബിസിനസ് രംഗത്തും ഒരു മോഡല്‍ ഉണ്ടാക്കിയെടുക്കുന്നതിനാണ് താന്‍ ശ്രമിച്ചതെന്നും അഗാസി വ്യക്തമാക്കി. ഐഎഎ ലോക ഉച്ചകോടിയില്‍ മുന്‍ ഇന്ത്യന്‍ താരം വിജയ് അമൃത്രാജുമായി സംസാരിക്കുകയായിരുന്നു അഗാസി.
തന്നെ ടെന്നിസ് താരമാക്കിയത് അമേരിക്കയില്‍ ജീവിക്കാനുള്ള പിതാവിന്റെ മോഹങ്ങളാണെന്ന് അഗാസി പറഞ്ഞു. ടെന്നിസ് അമേരിക്കയില്‍ ജീവിക്കാന്‍ പിതാവ് കണ്ടെത്തിയ എളുപ്പമാര്ഗമായിരുന്നുവെന്നും കുടുംബത്തില്‍ സഹോദരന്മാര് ആരും നന്നായി കളിക്കുന്നവരായിരുന്നില്ലെന്നും അതുകൊണ്ട് ഇളയമകനായിരുന്ന തനിക്ക് മറ്റൊരു മാര്ഗമുണ്ടായില്ലെന്നും അഗാസി കൂട്ടിച്ചേര്‍ത്തു.
സ്വന്തം ജീവിതം എങ്ങനെയായിരിക്കണമെന്ന് തിരഞ്ഞെടുക്കാന്‍ പോലും കഴിവില്ലാത്ത കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനായി ആരംഭിച്ച ഫൗണ്ടേഷന് താന്‍ കളിയെ സ്നേഹിക്കുന്നുവെന്നതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. താന്‍ ഇങ്ങനെയാകാനുള്ള കാരണവും കരിയറിലെ വിജയവുമോര്ത്ത് ഒരുനാള്‍ അഭിമാനിക്കുന്ന കാഴ്ചയാണ് പിന്നീടുണ്ടായതെന്നും പരാജയങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് അടിത്തറ ശക്തിപ്പെടുത്തിയാണ് മത്സരങ്ങളിലെല്ലാം വിജയിച്ചതെന്നും അഗാസി പറഞ്ഞു. അതിന്റെ മാറ്റങ്ങള്‍ എനിക്ക് തന്നെ സ്വയം തിരിച്ചറിയാന്‍ കഴിയുന്നതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.