കണ്ണൂര്‍: നാലു മണിക്കൂര്‍ കൊണ്ട് കാസര്‍കോടുമുതല്‍ തിരുവനന്തപുരം വരെ എത്താവുന്ന രീതിയിലുള്ള സെമി ഹൈസ്പീഡ് ട്രെയിന്‍ പദ്ധതിക്ക് അനുമതി. കേരളം മുന്നോട്ടുവച്ച പദ്ധതി കേന്ദ്ര റെയില്‍വെ മന്ത്രാലയം അംഗീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. തളിപ്പറമ്പ് റവന്യൂ ഡിവിഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
പദ്ധതി കേരള റെയില്‍ ഡെവലപ്മെന്റ് കോര്പറേഷന് രൂപീകരിച്ചാണ് നടപ്പിലാക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കഴിഞ്ഞു പോയ 1000 ദിനങ്ങള്‍ കേരളത്തില്‍ ഒരു വികസന പ്രവര്‍ത്തനവും നടക്കില്ലെന്ന നിരാശ മാറി പ്രത്യാശ വന്ന നാളുകളായിരുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവളം മുതല്‍ ബേക്കല്‍ വരെയുള്ള 600 കിലോമീറ്റര്‍ ജലപാതയുടെ ഒന്നാംഘട്ടം അടുത്ത വര്‍ഷത്തോടെ യാഥാര്‍ത്ഥ്യമാവുകയാണ്.
ഇതോടൊപ്പം നാടിന്റെ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനായി 1000 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന തീരദേശമലയോര ഹൈവേകളുടെ പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. എല്ലാ വീടുകളിലും ഹൈസ്പീഡ് ഇന്റര്‍നെറ്റ് എത്തിക്കുന്നതിനുള്ള പദ്ധതി സര്‍ക്കാര്‍ നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.