ശ്രീകാര്യം: അര്‍ധരാത്രി മുതല്‍ തുടങ്ങിയ ശക്തമായ പ്രതിഷേധത്തിനൊടുവില്‍ സിഇടി വനിതാ ഹോസ്റ്റലിലെ പെണ്‍കുട്ടികള്‍ക്ക് ഹോസ്റ്റലില്‍ കയറാനുള്ള സമയ പരിധി നീട്ടി. സിഇടി പ്രിന്‍സിപ്പലിന് സമയം നീട്ടണമെന്ന നിവേദനം നല്‍കിയിരുന്നു. നടപടിയില്ലാത്തതിനെ തുടര്‍ന്നാണ് പെണ്‍കുട്ടികള്‍ പ്രതിഷേധം ആരംഭിച്ചത്.
പെണ്‍കരുത്തിന് മുന്നില്‍ തോറ്റ അധികൃതര്‍ ഹോസ്റ്റലില്‍ കയറാനുള്ള സമയപരിധി 6.30 ആയിരുന്നത് രാത്രി 9.30 വരെ നീട്ടി. ഹോസ്റ്റലിലേക്ക് താമസിച്ചെത്തിയായിരുന്നു പെണ്‍കുട്ടികളുടെ ആദ്യ പ്രതിഷേധം. ഇതിനെ വാര്ഡന് എതിര്‍ത്തപ്പോള്‍ ബുധനാഴ്ച രാത്രിയോടെ പെണ്‍കുട്ടികള്‍ കൂട്ടമായി ഇറങ്ങി വിളക്കുകള്‍ തെളിയിച്ച് കോളേജിനു മുന്നില്‍ പ്രതിഷേധിച്ചു.
ആണ്‍കുട്ടികളുടേത് മാത്രമല്ല, രാത്രികള്‍ ഞങ്ങളുടേതു കൂടിയാണ്. ഹോസ്റ്റല്‍ ഉണ്ടാക്കിയിട്ടുള്ളത് 6.30-ന് അടച്ചുപൂട്ടി പോകാനല്ല മറിച്ച് ഞങ്ങള്‍ വരുമ്പോള്‍ സുരക്ഷിതമായി താമസിക്കാനായാണെന്ന് പെണ്‍കുട്ടികള്‍ പറയുന്നു. ആണ്‍കുട്ടികള്‍ക്കുള്ള സ്വാതന്ത്ര്യം എന്തുകൊണ്ട് പെണ്കുട്ടികള്ക്കുമാത്രം നിഷേധിക്കുന്നുവെന്നും ഇവര്‍ ചോദിച്ചു.
നീതിക്കായുള്ള പെണ്‍കുട്ടികളുടെ സമരം കോളേജിലെ ആസാദി എന്ന സംഘടന ഏറ്റെടുത്തു. തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ മുതല്‍ പെണ്‍കുട്ടികള്‍ പ്രിന്‍സിപ്പലിന്റെ ഓഫീസിനു മുന്നിലിരുന്ന് പ്രതിഷേധിച്ചു. എന്നാല്‍ എല്ലാ കുട്ടികളുടെയും രക്ഷാകര്‍ത്താക്കളെ ശനിയാഴ്ച വിളിച്ച് ഇക്കാര്യം ചര്‍ച്ചചെയ്യാമെന്നും അവര്‍ ആവശ്യപ്പെട്ടാല്‍ സമയപരിധി മാറ്റാമെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.
വിദ്യാര്‍ത്ഥികള്‍ ഇത് എതിര്‍ക്കുകയായിരുന്നു. ഉടന്‍ തീരുമാനം ഉണ്ടായില്ലെങ്കില്‍ സമരം കോളേജിന് പുറത്തേക്കു വ്യാപിപ്പിക്കുമെന്നും അവര്‍ പറഞ്ഞു. അവര്‍ ഹോസ്റ്റലിലെ പ്രശ്നങ്ങള്‍ വിവരിച്ച് പ്രിന്‍സിപ്പലിന് പരാതി കൊടുക്കുകയും ചെയ്തു. തുടര്‍ന്ന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ പ്രിന്‍സിപ്പല്‍ കാണുകയും സമയപരിധി 9.30 ആയി നീട്ടാന്‍ തീരുമാനിക്കുകയുമായിരുന്നു.