തിരുവനന്തപുരം: കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് ആറായിരം രൂപ നല്കുന്ന കേന്ദ്രസര്‍ക്കാരിന്റെ കിസാന്‍ സമ്മാന്‍ നിധിയിലേക്ക് കേരളത്തില്‍ നിന്നും ഇതുവരെ ലഭിച്ചത് എട്ടുലക്ഷം അപേക്ഷകള്‍. ഇതില്‍ 1.27 ലക്ഷം കര്‍ഷകരുടെ വിവരങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തിയതായി കൃഷിവകുപ്പ് ഡയറക്ടര്‍ അറിയിച്ചു.
19,250 അപേക്ഷകര്‍ പരിശോധന പൂര്‍ത്തിയാക്കി അര്‍ഹത നേടിയിട്ടുണ്ട്. പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തിയതില്‍ 90,376 അപേക്ഷകള്‍ കേന്ദ്രത്തിന്റെ പരിശോധനയിലാണ്. പേര്, ആധാര്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐഎഫ്എസ്സി കോഡ് എന്നിവയിലെ പൊരുത്തക്കേടുകള്‍ കാരണം 2101 അപേക്ഷകള്‍ തള്ളി.
അപേക്ഷകരുടെ എണ്ണം വര്‍ധിച്ചതോടെ പല സ്ഥലത്തെയും കൃഷിഭവനുകള്‍ അവധി ദിനങ്ങളില്‍ പോലും തുറന്ന് പ്രവര്‍ത്തിച്ചിരുന്നു. പണം അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ ആവശ്യമായ വിവരങ്ങള്‍ ഏത്രയും വേഗം നല്കാന് കേന്ദ്രസര്‍ക്കാര്‍ കൃഷിവകുപ്പിനോടു ആവര്‍ത്തിച്ചു ആവശ്യപ്പെടുന്നുണ്ട്.
സംസ്ഥാനത്തു 11 ലക്ഷത്തിലധികം പേര്‍ക്കു ആനുകൂല്യം ലഭിക്കുമെന്നാണു പ്രാഥമിക കണക്ക്. അഞ്ച് ഏക്കര്‍വരെ ഭൂമിയുള്ളവരാണു ആനുകൂല്യത്തിന് അര്‍ഹര്‍. ഒരു കുടുംബത്തില്‍ ഭാര്യയ്ക്കും ഭര്‍ത്താവിനും രണ്ടു ഹെക്ടര്‍ വീതം ഭൂമിയുണ്ടെങ്കിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉണ്ടെങ്കിലും സഹായം ലഭിക്കില്ല.