തൃശ്ശൂര്‍: എംബിബിഎസ് ഒന്നാംവര്‍ഷത്തെ പരീക്ഷയ്ക്ക് തോറ്റ പേപ്പറിന് മുക്കാല്‍ മാര്‍ക്കുകൂടി നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശം. കോഴിക്കോട്ടെ ഒരു സ്വാശ്രയ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിനിയാണ് പരീക്ഷയില്‍ ജയിക്കാന്‍ കോടതിയെ സമീപിച്ചത്.
മൂന്ന് വര്‍ഷം പരീക്ഷ എഴുതിയിട്ടും കുട്ടി പാസായിരുന്നില്ല. മൂന്നാംതവണ പരീക്ഷ എഴുതിയപ്പോള്‍ ഫിസിയോളജിയുടെ രണ്ടാം പേപ്പറിന് കിട്ടിയത് 18.25 മാര്‍ക്കായിരുന്നു. മാര്‍ക്ക്ലിസ്റ്റില്‍ ഇത് 18 മാര്‍ക്കായി റൗണ്ട് ചെയ്തു. എന്നാല്‍, 19 മാര്‍ക്കായി റൗണ്ട് ചെയ്യണമെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
എന്നാല്‍ ഇത് അപ്രായോഗികമെന്നും വിധി പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് ആരോഗ്യസര്‍വകലാശാല പുനഃപരിശോധനാ ഹര്‍ജി സമര്‍പ്പിച്ചു. വിധിയുടെ അടിസ്ഥാനത്തില്‍ മാര്‍ക്ക് കൂട്ടിത്തരണമെന്ന വിദ്യാര്‍ത്ഥിനിയുടെ അപേക്ഷ സര്‍വകലാശാല നല്കിയ പുനഃപരിശോധനാ ഹര്‍ജിക്കു ശേഷമേ പരിഗണിക്കൂ.