കൊച്ചി: മുന്‍ ലോക ടെന്നീസ് താരം ആന്ദ്രേ അഗാസി രാജ്യാന്തര അഡ്വര്‍ടൈസിംഗ് അസോസിയേഷന്റെ ആഗോള ഉച്ചകോടിയുടെ സമാപന സമ്മേളനത്തില്‍ മുഖ്യാതിഥിയാകും. കൊച്ചിയാണ് പരസ്യ ലോകത്തെ രാജ്യാന്തര പ്രമുഖര്‍ പങ്കെടുക്കുന്ന ഉച്ചകോടിയ്ക്ക് വേദി. അമിതാഭ് ബച്ചനായിരുന്നു ആദ്യ ദിവസത്തില്‍ മുഖ്യാതിഥി.
രാജ്യാന്തര അഡ്വര്‍ടൈസിംഗ് അസോസിയേഷന്റെ ആഗോള ഉച്ചകോടി പരസ്യ മേഖലയിലെ പ്രമുഖ ബ്രാന്‍ഡുകള്‍ എത്തുന്നതിനൊപ്പം പുത്തന്‍ ആശയങ്ങളുടെ ചര്‍ച്ച വേദി കൂടിയാകുകയാണ്. വേദിയില്‍ എത്തുന്നത് 25 രാജ്യങ്ങളില്‍ നിന്നുള്ള പരസ്യ മേഖലയിലെ പ്രമുഖര്‍ ആണ്. ഏറ്റവും ശ്രദ്ധേയമായത് ഇന്ത്യയിലെ ഏറ്റവും വിലയേറിയ ബ്രാന്‍ഡായ അമിതാഭ് ബച്ചനൊപ്പം ക്വാല്‍കോം ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ പെന്നി ബാല്‍വിന്‍, സ്കൈപ്പ് സ്ഥാപകാംഗമായ ജോനാസ് കെല്ബര്ഗ് തുടങ്ങിയവരുടെ സാന്നിധ്യമാണ്.
പ്രമുഖ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പ് ചെയര്മാന് പോള്‍ ബര്ക്നെര് ഉപഭോക്താക്കളുടെ സ്വകാര്യതയും സുരക്ഷയും മാനിക്കുന്ന വാണിജ്യ നയം ഉറപ്പാക്കണമെന്ന് പറഞ്ഞു. ക്വാല്‍കോം ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ പെന്നി ബാല്വിന്റെ അഭിപ്രായം സാങ്കേതിക വളര്‍ച്ച വിപണിയില്‍ വലിയ കുതിപ്പുണ്ടാക്കുമെന്നായിരുന്നു.