തിരുവനന്തപുരം: സംസ്ഥാനത്തെ 21 മാവേലി സ്റ്റോര്‍ നവീകരിച്ച് സൂപ്പര്‍ മാര്‍ക്കറ്റുകളാക്കി ഉയര്‍ത്തുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സര്‍ക്കാര്‍ 1000 ദിനം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം.
നിലവിലുള്ള ഹൈപ്പര്മാര്ക്കറ്റുകളോട് ചേര്‍ന്ന് 14 കേന്ദ്രത്തില്‍ ഗൃഹോപകരണശാലകള് ആരംഭിക്കും. സംസ്ഥാന ഉദ്ഘാടനം 26ന് കോട്ടയം ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഭക്ഷ്യമന്ത്രി നിര്‍വഹിക്കും. മൂന്ന് പുതിയ മാവേലി സ്റ്റോറും ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
സപ്ലൈകോ പുതുതായി 28 മാവേലി സ്റ്റോര്‍, ഏഴ് സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവ ആരംഭിച്ചുവെന്നും
റേഷനിങ് സമ്പ്രദായം സുതാര്യമാക്കാന്‍ കഴിഞ്ഞത് ഭരണനേട്ടമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. റേഷന്‍ കാര്‍ഡുകള്‍ ഇല്ലാത്തവര്‍ക്ക് പുതിയ അപേക്ഷ നല്കാന് ഓണ്‍ലൈന്‍ സംവിധാനം തയ്യാറായി.
പുതുതായി 3.5 ലക്ഷം കാര്‍ഡ് അനുവദിച്ചു. റേഷന്‍ സൗജന്യത്തിന് അര്‍ഹതയുള്ള മുന്‍ഗണനാപട്ടിക പുതുക്കി. 2.86 ലക്ഷം മുന്‍ഗണനാ കാര്‍ഡുകള്‍ അനര്‍ഹമാണെന്ന് കണ്ടെത്തി. 15 ലക്ഷം പുതിയ ഗുണഭോക്താക്കളെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.