ന്യൂഡല്‍ഹി: സിനിമാ താരങ്ങള്‍ക്കു പകരം പ്രളയകാലഹീറോകളായ മത്സ്യത്തൊഴിലാളികളെ ബ്രാന്‍ഡ് അംബാസഡര്‍മാരാക്കി കേരള ടൂറിസത്തിന്റെ പ്രചാരണ പരിപാടി. വിദേശസഞ്ചാരികളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള പരസ്യചിത്രത്തിലാണ് ഇത്തരത്തില്‍ പ്രളയകാലഹീറോകള് എത്തുന്നത്.
‘ഹ്യുമന്‍ ബൈ നേച്ചര്‍’ എന്ന പേരിലുള്ള ആഗോള പ്രചാരണപരിപാടി കേരളത്തിന്റെ മനോഹാരിതയും മനുഷ്യനുമായുള്ള ബന്ധവും വിഷയമാക്കിയാണ്. ന്യൂയോര്‍ക്കിലെ വിഖ്യാത ഫോട്ടോഗ്രാഫര്‍ ജോയി എല്‍ ആണ് കേരളക്കാഴ്ചകള്‍ തയ്യാറാക്കിയത്. ഇതിനു പുറമേ, കേരളത്തിന്റെ തനതു ദൃശ്യസമ്പന്നത വിവരിക്കുന്ന മൂന്നു മിനിറ്റു ദൈര്‍ഘ്യമുള്ള വീഡിയോ പരസ്യചിത്രവും പുറത്തിറക്കി. പരസ്യചിത്രം ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ നടിയും നര്‍ത്തകിയുമായ ശോഭന പ്രകാശനം ചെയ്തു.
പരസ്യചിത്രം തയ്യാറാക്കിയത് വര്‍ഷങ്ങളോളമായി കേരളത്തിന്റെ ബ്രാന്‍ഡ് ഏജന്‍സിയായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ക്ക് കമ്യൂണിക്കേഷന്‍സാണ്. കുമരകം, ആലപ്പുഴ, അര്‍ത്തുങ്കല്‍, ചെല്ലാനം, ഫോര്‍ട്ട് കൊച്ചി, മുനമ്പം, വയനാട്, കണ്ണൂര്‍, തളിപ്പറമ്പ് എന്നിവിടങ്ങളിലെ ദൃശ്യഭംഗി ഇതിനായി പകര്‍ത്തി. ഇതിന്റെ സംവിധായകന് വിവേക് തോമസാണ്.
ആഗോള പ്രചാരണ പരിപാടി കേരള ടൂറിസത്തിന്റെ പ്രധാന വിപണികളായ അമേരിക്ക, ബ്രിട്ടന് അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ സഞ്ചാരികളെ ലക്ഷ്യമിട്ടുള്ളതാണ്. കഴിഞ്ഞവര്‍ഷം 1.67 കോടി വിനോദസഞ്ചാരികള്‍ കേരളം സന്ദര്‍ശിച്ചെന്നാണ് കണക്കുകള്‍. വിനോദസഞ്ചാരത്തില്‍ നിന്നുള്ള കേരളത്തിന്റെ വരുമാനം 36,528 കോടി രൂപയായിരുന്നു.