തിരുവനന്തപുരം: വഴിയോരങ്ങളിലെ ജ്യൂസുകടകളില്‍ നിന്നും പലനിറങ്ങളിലായി കിട്ടുന്ന പാനീയങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്.
ബിഐഎസ് ചിഹ്നമുള്ള കുപ്പിയിലെ വെള്ളം മാത്രമേ ജ്യൂസ് നിര്‍മിക്കാന്‍ ഉപയോഗിക്കാന്‍ പാടുള്ളൂ എന്ന ചട്ടം നിലനില്‍ക്കെ, ഇത്തരം ജ്യൂസ് കടകളില്‍ 20 ലിറ്റര്‍ വാട്ടര്‍ ബോട്ടിലില്‍ പലപ്പോഴും ടാപ്പില്‍ നിന്നും മറ്റും വെള്ളം നിറച്ച് ഉപയോഗിക്കുന്നുണ്ട്. മാത്രമല്ല ബോട്ടിലിലെ ലേബലോ നിര്‍മാണ തീയതിയോ പലരും ശ്രദ്ധിക്കാറുമില്ല.
നിയമാനുസൃതമുള്ള എഫ്എസ്എസ്എഐ രജിസ്ട്രേഷന് ഉള്ളവര്‍ക്ക് മാത്രമേ ജ്യൂസ് വില്‍പ്പന നടത്താന്‍ അനുമതിയുള്ളൂ. എഫ്എസ്എസ്എഐ രജിസ്ട്രേഷന് നമ്പര്‍ കടകളില്‍ പ്രദര്‍ശിപ്പിക്കണമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് മുന്നറിയിപ്പ് നല്കുന്നു.
കുലുക്കിസര്‍ബത്തുകളില്‍ ചേര്‍ക്കുന്ന ചേരുവകള്‍ ശുദ്ധമല്ലെങ്കില്‍ ബാക്ടീരിയ ബാധയുണ്ടാകാം. വയറിളക്കം, ഛര്‍ദി, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങള്‍ പിടിപെടാനും സാധ്യതയുണ്ട്. കരിമ്പിന് ജ്യൂസ് വില്‍പ്പന നടത്തുന്നവര്‍ കരിമ്പ് കഴുകാതെ തൊലികളഞ്ഞ് ജ്യൂസ് ഉണ്ടാക്കുന്നതായി കാണുന്നു. ഇതും ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്നു.