തിരുവനന്തപുരം: കര്‍ഷകര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച 6000 രൂപയുടെ വാര്‍ഷിക ധനസഹായ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ പാഴാക്കിയെന്ന പ്രചാരണത്തിനെതിരെ കൃഷിമന്ത്രി വിഎസ് സുനില്‍കുമാര്‍. സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന ഇത്തരത്തിലുള്ള വാട്സാപ്പ് സന്ദേശങ്ങളും വ്യാജ വാര്‍ത്തകളും ജനം വിശ്വസിക്കരുതെന്നും അപേക്ഷിച്ചവര്‍ക്ക് ഫെബ്രുവരി 24 മുതല്‍ പദ്ധതിയുടെ ആദ്യഗഡു നല്കിത്തുടങ്ങുമെന്നും മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ ബജറ്റിലെ കേന്ദ്രസര്‍ക്കാരിന്റെ ജനപ്രിയ പ്രഖ്യാപനമായിരുന്ന കിസാന്‍ സമ്മാന്‍ നിധി സംസ്ഥാന സര്‍ക്കാര്‍ പാഴാക്കിയെന്നായിരുന്നു സമൂഹമാധ്യമങ്ങളില്‍ പ്രചാരണമുണ്ടായത്. പദ്ധതിക്ക് അര്‍ഹരായ കര്‍ഷകരുടെ പട്ടിക തയ്യാറാക്കി കൃത്യസമയത്ത് തന്നെ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്നും ഇതുമൂലം പദ്ധതിയുടെ ഗുണം കേരളത്തിലെ കര്‍ഷകര്‍ക്ക് ലഭിക്കില്ലെന്നുമാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടത്.
എന്നാല്‍ പ്രധാനമന്ത്രിയുടെ കിസാന്‍ സമ്മാന്‍ നിധിയിലേക്ക് അര്‍ഹരായ കര്‍ഷകര്‍ക്ക് എപ്പോള്‍ വേണമെങ്കിലും അപേക്ഷിക്കാമെന്നും അപേക്ഷിക്കേണ്ട അവസാന തിയതി നാളെ അവസാനിക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും മന്ത്രി വ്യക്തമാക്കി. അര്‍ഹരായ ഒരു കര്ഷകന് പോലും ആനുകൂല്യം ലഭിക്കാതിരിക്കില്ലെന്നും. പദ്ധതിയില്‍ ഇതുവരെ ഒരു ലക്ഷത്തോളം പേര് അപേക്ഷിച്ചിട്ടുണ്ടെന്നും കൃഷിമന്ത്രി വ്യക്തമാക്കി.