തൊടുപുഴ: യുഡിഎഫ് തൊടുപുഴ നഗരസഭാ ഭരണം തിരിച്ചുപിടിച്ചു. കേരള കോണ്‍ഗ്രസ് എമ്മിലെ പ്രൊഫസര്‍ ജെസി ആന്റണിയെ ചെയര്‍പേഴ്സണായി തെരഞ്ഞെടുത്തു. ജെസി തൊടുപുഴ നഗരസഭയിലെ മുപ്പത്തിനാലാം വാര്‍ഡ് കൗണ്‍സിലറാണ്.
വോട്ടെടുപ്പില്‍ യുഡിഎഫിന് പതിന്നാല് വോട്ടും എല്‍ഡിഎഫിന് പതിമൂന്ന് വോട്ടുമാണ് ലഭിച്ചത്. എട്ട് അംഗങ്ങളുള്ള ബിജെപി വോട്ടെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.
ചെയര്‍പേഴ്സണായി തെരഞ്ഞെടുക്കപ്പെട്ട ജെസി കേരള കോണ്‍ഗ്രസ് എം ഉന്നതാധികാര സമിതി അംഗം പ്രൊഫസര്‍ കെ ആന്റണിയുടെ ഭാര്യയും തൊടുപുഴ ന്യൂമാന്‍ കോളേജില്‍നിന്ന് വിരമിച്ച അധ്യാപികയുമാണ്. ജെസി ആന്റണി തൊടുപുഴ നഗരസഭയുടെ അധ്യക്ഷയാകുന്നത് ഇത് രണ്ടാംതവണയാണ്.
എല്‍ഡിഎഫിന് ഭരണം നഷ്ടമായത് കഴിഞ്ഞ ജനുവരി 25ന് യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെയാണ്. അന്ന് ബിജെപി അംഗങ്ങളും അവിശ്വാസ പ്രമേയത്തെ പിന്തുണക്കുകയായിരുന്നു. 18 വര്‍ഷത്തിന് ശേഷം കിട്ടിയ ഭരണം എല്‍ഡിഎഫിന് വീണ്ടും നഷ്ടമായത് ഏഴ് മാസത്തിനുള്ളിലാണ്.