തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടി വരുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി മെഡിക്കല്‍ ഓഫീസര്‍മാര്‍. അന്തരീക്ഷ ഊഷമാവ് വര്‍ധിക്കുന്നതിനാല്‍ സൂര്യാഘാതം എല്ക്കാന് സാധ്യതയുണ്ടെന്നും പുറത്തിറങ്ങുമ്പോള്‍ ശ്രദ്ധിക്കണമെന്നുമാണ് മുന്നറിയിപ്പ്.
സൂര്യാഘാതമേറ്റവര്‍ക്ക് കൃത്യമായ പരിചരണം നല്‍കണം. ഇല്ലെങ്കില്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാകും. തലച്ചോറ്, ഹൃദയം, ശ്വാസകോശം, കരള്‍, വൃക്കകള്‍ എന്നിവയെ ബാധിച്ച് മരണത്തിനുപോലും കാരണമായേക്കാം. കൂടുതലും സൂര്യാഘാതമേല്‍ക്കാന്‍ സാധ്യത മുതിര്‍ന്ന പൗരന്മാര്, കുഞ്ഞുങ്ങള്‍, ദീര്‍ഘകാല രോഗമുള്ളവര്‍, കൂടുതല്‍ സമയം വെയില് കൊള്ളുന്ന ജോലി ചെയ്യുന്നവര്‍ എന്നിവര്‍ക്കാണ്.
ഉച്ചയ്ക്ക് 11 മുതല്‍ മൂന്നു വരെ നേരിട്ടുവെയില്‍ കൊള്ളുന്നത് കഴിയുന്നതും ഒഴിവാക്കണമെന്നും പുറത്തുപോകുമ്പോള്‍ കുട ഉപയോഗിക്കണമെന്നും നിര്‍ദേശിക്കുന്നു. ക്ഷീണം, തലകറക്കം, രക്തസമ്മര്‍ദം താഴുക, തലവേദന, പേശീവേദന, അസാധാരണമായ വിയര്‍പ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് തീരെ കുറയുകയും, കടും മഞ്ഞനിറത്തില്‍ ആവുകയും ചെയ്യുക, ദേഹത്ത് പൊളളലേറ്റപോലെ പാടുകള്‍ കാണപ്പെടുക, ബോധക്ഷയം മുതാലയവയാണ് സൂര്യാഘാതം ഏല്‍ക്കുന്നതിന്റെ ലക്ഷണങ്ങള്‍.
ശരീരത്തിലെ ജലാംശം കുറയുമെന്നതിനാല്‍ ധാരാളം പാനീയങ്ങള്‍ കുടിക്കണം. സൂര്യാഘാതമേറ്റതായി തോന്നിയാല്‍ തണലത്തോ ഫാനിന് ചുവട്ടിലോ എസിയിലോ വിശ്രമിക്കണം. ഉടന്‍ തന്നെ അനാവശ്യമായ വസ്ത്രങ്ങള്‍ നീക്കം ചെയ്ത് ശരീരത്തെ തണുപ്പിക്കാന്‍ ശ്രദ്ധിക്കണം. പിന്നീട് വിദഗ്ധ ചികിത്സ തേടണം.