കൊച്ചി: ഓട്ടോറിക്ഷകളിലും ഇനിമുതല്‍ ടിക്കറ്റ് സംവിധാനം. കൊച്ചി മെട്രോ ഫീഡര്‍ സര്‍വ്വീസ് ഓട്ടോറിക്ഷകളിലാണ് ടിക്കറ്റെടുത്ത് യാത്രചെയ്യാന്‍ സൗകര്യമൊരുങ്ങുന്നത്. സുതാര്യമായ നടത്തിപ്പിന് ടിക്കറ്റ് നല്‍കുന്നത് ഗുണംചെയ്യുമെന്നും യാത്രക്കാര്‍ ടിക്കറ്റ് ചോദിച്ചുവാങ്ങണമെന്നും കെഎംആര്‍എല്‍ എംഡി എപിഎം മുഹമ്മദ് ഹനീഷ് പറഞ്ഞു.
കെഎംആര്‍എല്‍, പോലീസ്, മോട്ടോര്‍ വാഹന വകുപ്പ്, ഓട്ടോറിക്ഷ ഡ്രൈവേഴ്സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി എന്നിവയുടെ ഉന്നതതല യോഗത്തിലാണ് ടിക്കറ്റ് ഏര്‍പ്പെടുത്താന്‍ തീരുമാനമായത്. യോഗത്തില്‍ ഫീഡര്‍ ഓട്ടോറിക്ഷകളുടെ യാത്രാനിരക്കിനെക്കുറിച്ചും നടത്തിപ്പിനെക്കുറിച്ചും ചര്‍ച്ച ചെയ്തു.
തുടര്‍ന്ന് ഫീഡര്‍ ഓട്ടോകളില്‍ ആദ്യ രണ്ടു കിലോമീറ്ററിന് മിനിമം ചാര്‍ജ് 10 രൂപയാക്കി നിജപ്പെടുത്തി. ശേഷമുള്ള ഓരോ കിലോമീറ്ററിനും അഞ്ചു രൂപ അധികമായി നല്‍കണം. കൂടാതെ യാത്രക്കാരില്‍ നിന്നും അമിതതുക ഈടാക്കില്ലെന്ന് ഡ്രൈവേഴ്സ് യൂണിയന് യോഗത്തില്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ 38 ഇ-ഓട്ടോകള്‍ സര്‍വ്വീസ് നടത്തും. വരും നാളുകളില്‍ മറ്റ് ഓട്ടോറിക്ഷകളടക്കം 300 ഓട്ടോകള്‍ ഫീഡര്‍ സര്‍വ്വീസിന്റെ ഭാഗമാകും.