ചേളാരി: ഒമ്പതുവയസ്സുകാരനെ പീഡിപ്പിച്ച കേസില്‍ 36 -കാരിക്കെതിരേ പോലീസ് കേസെടുത്തു. ഒരു വര്‍ഷത്തിലേറെ കുട്ടിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതായി ചൈല്‍ഡ് ലൈന്‍ വ്യക്തമാക്കി. തുടര്‍ന്ന് കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങള്‍ തടയല്‍ നിയമ (പോക്സോ)ത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് യുവതിക്കെതിരേ പോലീസ് കേസെടുത്തത്.
മാനസികമായ തളര്‍ന്ന കുട്ടിയെ കഴിഞ്ഞയാഴ്ച സ്വകാര്യ ക്ലിനിക്കില്‍ ചികിത്സയ്ക്കായി എത്തിച്ചിരുന്നു. താന്‍ അക്രമത്തിന് ഇരയായ വിവരം കുട്ടി ഡോക്ടറോട് വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് ഡോക്ടര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിക്കുകയായിരുന്നു.
ഇവര്‍ കുട്ടിയുടെ മൊഴിയെടുത്ത ശേഷം പരാതി പോലീസിന് കൈമാറി. കുട്ടിയുടെ ബന്ധുതന്നെയായ യുവതി ഒമ്പതു വയസ്സുകാരനെ മാസങ്ങളോളം ദുരുപയോഗപ്പെടുത്തിയതായും അത് കുട്ടിയുടെ മാനസികാരോഗ്യത്തെ ബാധിച്ചതായും ചൈല്‍ഡ് ലൈന്‍ മലപ്പുറം കോ -ഓര്‍ഡിനേറ്റര്‍ അന്‍വര്‍ കാരക്കാടന്‍ പറഞ്ഞു. കുട്ടിയുടെ വീടിനുസമീപം തന്നെയാണ് പ്രതി താമസിക്കുന്നത്.