കൊച്ചി: മാമ്പഴക്കാലത്തിനായി ഇനി അധികം കാത്തിരിക്കേണ്ടെന്ന സൂചന നല്കി മാവുകള്‍ പൂത്തുലയുന്നു. കാലാവസ്ഥാ വ്യതിയാനമാണ് മാവുകള്‍ നേരത്തെ പൂക്കാന്‍ കാരണമെന്ന് കൃഷിവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ചെറുതും വലുതുമായ ഒട്ടുമിക്ക മാവുകളും പൂത്തുലഞ്ഞു നില്‍ക്കുകയാണ്. സമീപകാലത്തൊന്നും ഇത്തരമൊരു കാഴ്ച കണ്ടിട്ടില്ലെന്ന് പ്രായമായവര്‍ പറയുന്നു.
വഴിയോരങ്ങളിലും മറ്റും നാട്ടുമാവുകള്‍ പൂത്തുലഞ്ഞു നില്ക്കുന്ന കാഴ്ചകള്‍ കണ്ണിനും മനസ്സിനും ഏറെ കുളിര്മയേകുന്നു. പുഷ്പിക്കാന്‍ സഹായിക്കുന്ന ഫ്ളവറിങ് ഹോര്‍മോണുകള്‍ക്ക് അനുയോജ്യമായ കാലാവസ്ഥ ലഭിച്ചതാണ് ഇതിന് കാരണം.
മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായ കാഴ്ചയാണിതെന്ന് കൃഷി വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു. അതിവര്‍ഷവും പ്രളയവും പിന്നീടുണ്ടായ അതിശൈത്യവും, ഇപ്പോഴത്തെ കനത്ത ചൂടും മാവുകളില്‍ പ്രതിഫലിക്കുന്നുവെന്ന് അസിസ്റ്റന്റ് കൃഷി ഡയറക്ടര്‍ ലിസി ആന്റണി പറഞ്ഞു.
മാവുകള്‍ പൂത്തുലഞ്ഞതോടെ വിളവെടുപ്പുകാലത്തെ ഏറെ പ്രതീക്ഷയോടെയാണ് കര്‍ഷകര്‍ കാണുന്നത്. മാമ്പഴ പ്രിയരും കൊതിയോടെ കാത്തിരിക്കുകയാണ്. ഏപ്രില്‍, മേയ് മാസത്തോടെ ഇപ്പോള്‍ പൂത്തുനില്ക്കുന്ന മാവുകളില്‍ നിന്ന് മാങ്ങ പറിക്കാനാകും. മാമ്പഴക്കാലത്തിനായി കുട്ടികളും ഏറെ കാത്തിരിപ്പിലാണ്.