തിരുവനന്തപുരം: എട്ടു വര്‍ഷത്തിനിടെ മുന്‍ എംഎല്‍എമാര്‍ക്ക് സൗജന്യ സഞ്ചാര കൂപ്പണ്‍ നല്കാന് സര്‍ക്കാര്‍ ചെലവഴിച്ചത് എട്ടുകോടി രൂപ. 2010-11 സാമ്പത്തിക വര്‍ഷത്തില്‍ 46 ലക്ഷം രൂപയാണ് ചെലവഴിച്ചതെങ്കില്‍ 2017-18 സാമ്പത്തികവര്‍ഷം 1.66 കോടി രൂപയാണ് ചെലവഴിച്ചത്.
എട്ടു വര്‍ഷത്തിനിടെ മുന്‍ എംഎല്‍എമാര്‍ക്ക് മെഡിക്കല്‍ അലവന്‍സായി ചെലവഴിച്ചത് 11.21 കോടിയാണ്. 2010-11 വര്‍ഷം 94 ലക്ഷം രൂപയാണ് ചെലവഴിച്ചതെങ്കില്‍ 2017-18 വര്‍ഷത്തില്‍ അത് 2.16 കോടിയായാണ് ഉയര്‍ത്തിയത്. മുന്‍ എംഎല്‍എമാര്‍ക്ക് പെന്ഷന് നല്കിയ ഇനത്തില്‍ എട്ടു വര്‍ഷത്തിനിടെ ചെലവഴിച്ചത് 79.21 കോടി രൂപയാണ്. എട്ടു വര്‍ഷത്തിനിടെ ഈ മൂന്ന് ചെലവുകള്‍ക്കുമായി ആകെ ചെലവഴിച്ചത് 98.51 കോടി രൂപയാണ്.
ഓരോ വര്‍ഷവും വലിയ തുകയാണ് സൗജന്യ സഞ്ചാര കൂപ്പണ്‍ നല്കാന് ചെലവഴിക്കുന്നതെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. 2010-11 (46 ലക്ഷം), 2011-12 (31 ലക്ഷം), 2012-13 (73 ലക്ഷം), 2013 -14 (65 ലക്ഷം), 2014-15 (1.47 കോടി), 2015-16 (1.34 കോടി), 2016-17 (1.39 കോടി), 2017-18 (1.66 കോടി) എന്നിങ്ങനെയാണ് ചിലവ്.
20,000 രൂപയാണ് അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കുന്ന എംഎല്‍എക്ക് പ്രതിമാസ പെന്ഷന്. ഈ കാലയളവ് കുറഞ്ഞാല്‍ പെന്‍ഷനും കുറയും. അഞ്ച് വര്‍ഷം കഴിഞ്ഞ് അധികാരത്തിലിരിക്കുന്ന ഓരോ വര്‍ഷവും പെന്ഷന് തുകയില്‍ 1,000 രൂപ കൂടും. പരമാവധി 50,000 രൂപയാണ് പെന്ഷന്. മുന്‍ എംഎല്‍എമാര്‍ക്ക് യാത്രാ കൂപ്പണ്‍ ഇനത്തില്‍ ഒരു വര്‍ഷം വാങ്ങിക്കാന്‍ കഴിയുന്ന തുക 75,000 രൂപയാണ്.