തിരുവനന്തപുരം: അനര്‍ഹരെന്ന് കാണിച്ച് സാമൂഹിക സുരക്ഷാ പെന്ഷന് വാങ്ങുന്നവരുടെ പട്ടികയില്‍ ധന വകുപ്പ് ഉള്‍പ്പെടുത്തിയവരില്‍ 76 ശതമാനം പേരും അര്‍ഹതയുള്ളവരാണെന്ന് സര്‍ക്കാര്‍. അനര്‍ഹരായി മുദ്രകുത്തപ്പെട്ട 66,637 പേരില്‍ 51,195 പേരും അര്‍ഹരായിരുന്നുവെന്ന് പരിശോധനയില്‍ തെളിഞ്ഞു.
പെന്ഷന് പട്ടികയിലെ അനര്‍ഹരെ കണ്ടെത്താനായി തദ്ദേശഭരണ, മോട്ടോര്‍ വാഹന, ഭക്ഷ്യ വകുപ്പുകളില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍ ഒത്തുനോക്കിയ ഡിജിറ്റല്‍ സംവിധാനത്തില്‍ പിഴവുണ്ടെന്നും വ്യക്തമായി. 1000 സിസിയില്‍ കൂടുതല്‍ എന്ജിന് ശേഷിയുള്ള വാഹനങ്ങളുടെ ഉടമകളെയും മരണ റജിസ്ട്രേഷന് ഡേറ്റാബേസില്‍ ഉള്‍പ്പെട്ടവരെയുമാണ് അനര്‍ഹരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
എന്നാല്‍, അപാകത കണ്ടെത്തിയതോടെ ആദ്യ ഘട്ടത്തില്‍ തന്നെ 4,617 പേരെ ഒഴിവാക്കിയിരുന്നു. നിലവില്‍ 45.01 ലക്ഷം പേരാണു സംസ്ഥാനത്തു ക്ഷേമ പെന്ഷന് വാങ്ങുന്നത്. അനര്‍ഹരുടെ പട്ടികയില്‍ അര്‍ഹതയുള്ളവരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പുനഃപരിശോധിക്കാന്‍ കഴിഞ്ഞ സെപ്റ്റംബറിലാണു സര്‍ക്കാര്‍ നിര്‍ദേശിച്ചത്. അര്‍ഹരെന്നു തെളിഞ്ഞാല്‍ നാല് മാസത്തെ പെന്ഷന് ഉടന്‍ വിതരണം ചെയ്യാനും നിര്‍ദേശിച്ചിരുന്നു.