കൊച്ചി: വീണ്ടും നരേന്ദ്ര മോഡി സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ വരുമെന്ന് മുന്‍ എംപിയും നടനുമായ നിതീഷ് ഭരദ്വാജ് പറഞ്ഞു. മലയാളികള്‍ക്ക് ഏറെ പരിചിതനാണ് നിതീഷ്. പ്രശസ്തമായ മഹാഭാരതം സീരിയലില്‍ ശ്രീകൃഷ്ണനായും പത്മരാജന്റെ ഞാന്‍ ഗന്ധര്വന് സിനിമയില്‍ ഗന്ധര്‍വനായും സ്ക്രീനിലെത്തിയ നിതീഷ് ഒരുകാലത്ത് മലയാളികളുടെ പ്രിയ താരമായിരുന്നു.
ദീര്‍ഘകാലം കോണ്‍ഗ്രസ് ഭരിച്ചപ്പോള്‍ ലഭിക്കാത്ത പല വികസന പ്രവര്‍ത്തനങ്ങളും മോഡി സര്‍ക്കാര്‍ അഞ്ച് വര്‍ഷം കൊണ്ട് കാണിച്ചു തന്നിട്ടുണ്ട്. ഞാന്‍ ഗന്ധര്വന് സിനിമയുടെ ചിത്രീകരണത്തിനായി കേരളത്തിലെത്തിയപ്പോള്‍ തൃശ്ശൂരിലേക്ക് പോയിരുന്നെന്നും അന്ന് കണ്ട തൃശ്ശൂരിന് എത്രയോ വലിയ മാറ്റമാണ് ഇന്ന് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുംബൈയിലും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും നല്ല മാറ്റങ്ങളാണ് ഇപ്പോഴുള്ളതെന്നും എല്ലായിടത്തും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിച്ചുവെന്നും നിതീഷ് ചൂണ്ടിക്കാട്ടി. നമ്മുടെ രാജ്യത്തിന് വേണ്ടത് ഇത്തരത്തില്‍ വേഗത്തിലുള്ള വികസനമാണ്. ഇന്ത്യയില്‍ ഒരു സര്‍ക്കാരും എല്ലാ രംഗത്തും ഇത്ര വേഗത്തിലുള്ള വളര്‍ച്ച കൊണ്ടു വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മോഡിയുടെ ഭരണമാണ് ഇന്ത്യയ്ക്ക് ആവശ്യമെന്നും അഞ്ച് വര്‍ഷത്തില്‍ ഒതുങ്ങുന്ന വികസനപ്രവര്‍ത്തനങ്ങള്‍ മാത്രമല്ല അദ്ദേഹം ആസൂത്രണം ചെയ്തതെന്നും അത് പൂര്ണതയിലെത്താന് ഇനിയും സര്‍ക്കാര്‍ അധികാരത്തിലെത്തേണ്ടത് അനിവാര്യമാണെന്നും നിതീഷ് പറഞ്ഞു.