നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളത്തില്‍ നിന്നും നഷ്ടപ്പെട്ട പണവും രേഖകളും അടങ്ങിയ പഴ്സ് തിരിച്ച് കിട്ടിയത് ലഖ്നൗ വിമാനത്താവളത്തില്‍ നിന്നും. വിമാനത്താവളത്തിലെ കാര്‍ പാര്‍ക്കിങ് ഏജന്‍സിയായ ഒമേഗ എന്റര്‍പ്രൈസസിലെ അസിസ്റ്റന്റ് മാനേജര്‍ കെഎസ് സജിത്തിന്റെ വിലപ്പെട്ട രേഖകളും പണവും അടങ്ങിയ പഴ്സാണ് സിഐഎസ്എഫ് നടത്തിയ നീണ്ട പരിശ്രമത്തിനൊടുവില്‍ തിരികെ ലഭിച്ചത്.
കൊച്ചി വിമാനത്താവളത്തിന്റെ കവാടത്തിന് സമീപത്ത് നിന്ന് വൈകീട്ട് ആറോടെയാണ് സജിത്തിന്റെ പഴ്സ് നഷ്ടമായത്. ഉടന്‍ തന്നെ ഇയാള്‍ സിഐഎസ്എഫിന്റെ കണ്ട്രോള് റൂമില്‍ വിവരമറിയിച്ചു. അവര്‍ നിരീക്ഷണ ക്യമാറകള്‍ പരിശോധിക്കുന്നതിനിടെ റോഡില്‍ നിന്നും എയര്‍പോര്‍ട്ടിലേക്ക് വരികയായിരുന്ന ലഖ്നൗ സ്വദേശി പഴ്സ് എടുക്കുന്നതായി കണ്ടു.
തുടര്‍ന്ന് സിഐഎസ്എഫ് ഇയാളുടെ സഞ്ചാരം നിരീക്ഷിക്കുകയും തിങ്കളാഴ്ച വൈകിട്ട് 7.20ന് ലഖ്നൗവിലേക്കുള്ള വിമാനത്തില്‍ ഇയാള്‍ പുറപ്പെട്ടതായും കണ്ടെത്തി. കൊച്ചിയിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ഉടന്‍ ലഖ്നൗ വിമാനത്താവളത്തലെ സിഐഎസ്എഫ് അധികൃതരുമായി ബന്ധപ്പെട്ട് കാര്യം അറിയിച്ചു.
കൂടാതെ യാത്രക്കാരന്റെ സിസി ടിവി ദൃശ്യങ്ങളും കൈമാറി. യാത്രക്കാരനെ ലഖ്നൗ വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങുന്നതിന് മുന്‍പായി സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ദേഹ പരിശോധന നടത്തി സജിത്തിന്റെ പഴ്സ് കണ്ടെടുത്തു.
പരാതി ഇല്ലാത്തതിനാല്‍ യാത്രക്കാരനെ താക്കീത് നല്കി വിട്ടയച്ചു. ബുധനാഴ്ച സജിത്തിന്റെ പഴ്സ് ലഖ്നൗവില്‍ നിന്ന് വിമാന മാര്‍ഗം കൊച്ചി വിമാനത്താവളത്തിലെത്തിച്ച ശേഷം വ്യാഴാഴ്ച സിഐഎസ്എഫ് അധികൃതര്‍ ഇത് സജിത്തിന് കൈമാറി.