കൊച്ചി: ശരീര പുഷ്ടിക്കായി കേരളത്തിലെ പല ജിമ്മുകളില്‍ നിന്നും നല്‍കുന്നത് മൃഗങ്ങള്‍ക്കുള്ള മരുന്നുകള്‍. ഡ്രഗ്സ് കണ്ട്രോള് വിഭാഗം സംസ്ഥാന വ്യാപകമായി ജിംനേഷ്യങ്ങളില്‍ നടത്തിയ പരിശോധനയില്‍ നിരോധിത മരുന്നുകള്‍ പിടിച്ചെടുത്തു.
ജിമ്മുകളില്‍ മൃഗങ്ങള്‍ക്ക് നല്കുന്ന മരുന്നുകള്‍ ശരീരം പുഷ്ടിപ്പെടുത്താനും മസില് പെരുപ്പിക്കാനൊക്കെ നല്‍കുന്നുവെന്ന് ആരോപണമുയര്‍ന്നിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് എറണാകുളത്ത് നിന്ന് ഇത്തരത്തിലുള്ള മരുന്നുകള്‍ പിടിച്ചെടുത്തിരുന്നു. ഇതോടെയാണ് ഡ്രഗ്സ് വിഭാഗം പരിശോധന ശക്തമാക്കിയത്.
തിരുവനന്തപുരം, പാലക്കാട് ഒഴികെയുള്ള ജില്ലകളിലാണ് ഡ്രഗ്സ് വിഭാഗം പരിശോധന നടത്തിയത്. തൃശ്ശൂര്‍ പടിഞ്ഞാറെ കോട്ടയിലെ ഫോര്‍ച്യൂണ്‍ ഫിറ്റ്നസ് എന്ന സ്ഥാപനത്തില്‍ നിന്നാണ് തൂക്കം കൂട്ടാന്‍ കോഴികളിലും പന്നികളിലും ഉപയോഗിക്കുന്ന ട്രെന്‍ബൊലോന്‍, മെത്തനോളന്‍, കുതിരകള്‍ക്ക് കൊടുക്കുന്ന സ്റ്റനസൊലോള്‍ എന്നീ രാസമൂലകങ്ങള്‍ അടങ്ങിയ മരുന്നുകളും ഗുളികകളും സിറിഞ്ചുകളും കണ്ടെത്തിയത്. തുടര്‍ന്ന് സ്ഥാപന നടത്തിപ്പുകാര്‍ക്കെതിരെ ഔഷധ നിയമ പ്രകാരം കേസെടുത്തു.
ഓണ്‍ലൈന്‍ വഴിയാണ് ഇത്തരം മരുന്നുകളെത്തുന്നത് എന്നാണ് കരുതുന്നത്. ബള്‍ഗേറിയ, സൈപ്രസ് എന്നിവിടങ്ങളില്‍ നിര്‍മ്മിച്ചതെന്ന് രേഖപ്പെടുത്തിയിരുന്ന ഇവ മരുന്നുകളുമായി ഒരു ബന്ധവുമില്ലാത്ത പാക്കറ്റുകളിലാണ് എത്തിയിരുന്നതെന്ന് അസിസ്റ്റന്റ് ഡ്രഗ്സ് കണ്ട്രോളര് പിഎം ജയന് പറഞ്ഞു.