ന്യൂഡല്‍ഹി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് അവസാനമാകുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തനിക്ക് താല്പര്യമില്ലെന്ന് ഉമ്മന്‍ചാണ്ടി ഹൈക്കമാന്‍ഡിനെ അറിയിച്ചു. അതേസമയം കെപിസിസി മുന്‍ അധ്യക്ഷന്‍ വിഎം സുധീരനോട് മത്സര രംഗത്തിറങ്ങാന്‍ ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി സുധീരനോട് ഡല്‍ഹിയിലെത്താന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. സുധീരനെ ചാലക്കുടിയില്‍ മത്സരിപ്പിക്കാനാണ് തീരുമാനം എന്നാണ് സൂചന.
ആലപ്പുഴയില്‍ നിന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ വീണ്ടും ജനവിധി തേടും. ഇതിനോടകം തന്നെ വേണുഗോപാല്‍ തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടം പൂര്‍ത്തിയാക്കി കഴിഞ്ഞു. പ്രാദേശിക വികാരം എതിരായി നില്ക്കുന്ന കെവി തോമസ് എറണാകുളത്ത് മത്സരിക്കുന്ന കാര്യം സംശയത്തിലാണ്. അതിനാല്‍ ഹൈക്കമാന്‍ഡ് കെവി തോമസിന് ഇതുവരെ പച്ചക്കൊടി കാട്ടിയിട്ടില്ല. കണ്ണൂരില്‍ കെ സുധാകരനും ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശും സ്ഥാനാര്‍ഥിയാകുമെന്ന കാര്യത്തില്‍ ഏറെക്കുറെ തീരുമാനമായി.
കാസര്‍കോട് സുബ്ബറായി, വടകരയില്‍ എപി അബ്ദുള്ളക്കുട്ടി എന്നിവരുടെ പേരുകളാണ് പറഞ്ഞ്കേള്ക്കുന്നത്. വയനാട് പരിഗണനയിലുള്ളത് ഷാനിമോള്‍ ഉസ്മാന്, ടി സിദ്ദീഖ്, എംഎം ഹസ്സന് എന്നിവരാണ്. ഇതിനിടെ രാഹുല്‍ ഗാന്ധി വിളിച്ചുചേര്‍ത്ത പിസിസി അധ്യക്ഷന്മാരുടെ യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. രാവിലെ 10 മണിയോടെയാണ് യോഗം.