പത്തനംതിട്ട: ശബരിമല നട കുംഭമാസ പൂജകള്‍ക്കായി ചൊവ്വാഴ്ച തുറക്കാനിരിക്കെ വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ പോലീസ് ഒരുങ്ങുന്നു. നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തുക. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് വീണ്ടും സംഘര്‍ഷാവസ്ഥ ഉണ്ടായേക്കാം എന്ന് മുന്നില്‍ കണ്ടാണ് നിയന്ത്രണം.
ഭക്തര്‍ക്ക് സുഗമമായ ദര്‍ശനം ഉറപ്പ് വരുത്താനാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. കുംഭമാസ പൂജകള്‍ക്കായി ഫെബ്രുവരി 12 ചൊവ്വാഴ്ച മുതല്‍ 17 ഞായറാഴ്ച വരെയാണ് ശബരിമല നടതുറക്കുക.
ചൊവ്വാഴ്ച ഭക്തര്‍, മാധ്യപ്രവര്‍ത്തകര്‍ എന്നിവര്‍ അടക്കമുള്ളവരെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി രാവിലെ പത്തിന് ശേഷം മാത്രമേ നിലയ്ക്കലില്‍ നിന്നും പമ്പ, സന്നിധാനം എന്നിവിടങ്ങളിലേക്ക് കടത്തിവിടുകയുള്ളൂ. പൂജ ദിവസങ്ങളില്‍ സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ എല്ലാവരും സഹകരിക്കണമെന്നും പത്തനംതിട്ട ജില്ലാ പോലീസ് മേധാവി അഭ്യര്‍ത്ഥിച്ചു.