കല്‍പ്പറ്റ: പുത്തൂര്‍വയല്‍ മഞ്ഞളാംകൊല്ലിയില്‍ പുള്ളിപുലി കെണിയില്‍ കുടുങ്ങി ചത്ത സംഭവത്തില്‍ രണ്ടുപേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. സ്വകാര്യവക്തിയുടെ ഉടമസ്ഥതയിലുള്ള തോട്ടത്തിലെ തൊഴിലാളികളായ കാവുംമന്ദം മാടക്കുന്ന് മേലെ കള്ളന്തോട് എസ് രതീഷ് (30), കള്ളന്തോട് എന്‍ സി ചന്ദ്രന് എന്നിവരാണ് അറസ്റ്റിലായത്.
ഈ തോട്ടത്തില്‍ സ്ഥാപിച്ച കെണിയില്‍ കുടുങ്ങി പുലി ചാകാനിടയായ സംഭവത്തില്‍ അന്വേഷണം നടത്തവെയാണ് ഇരുവരും അറസ്റ്റിലായത്. ഇവര്‍ വന്യമൃഗങ്ങളെ കെണിവെച്ച് പിടിച്ച് ഇറച്ചിയാക്കി വില്ക്കുന്നവരാണെന്ന് വനംവകുപ്പിന് വിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ താമസിക്കുന്ന പാടിയില്‍ നടത്തിയ പരിശോധനയില്‍ കെണി നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന കേബിള്‍, ഹെഡ്ലൈറ്റ്, അമ്പും വില്ലും തുടങ്ങിയവ കണ്ടെത്തി.
മഞ്ഞളാംകൊല്ലിയിലെ സ്വകാര്യ എസ്റ്റേറ്റില്‍ പുള്ളിപുലിയ ചത്ത നിലയില്‍ കണ്ടെത്തിയത് കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ്. എസ്റ്റേറ്റ് ഉടമകളായ മനോജ് കൊട്ടാരം, ഇലോണ്‍ എന്നിവര്‍ക്കെതിരെ സംഭവദിവസം തന്നെ വനംവകുപ്പ് കേസെടുത്തിരുന്നു. മേപ്പാടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ ബാബുരാജ്, ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പി ഷിജു ജോസ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ പി ഗിരീഷ്, കെആര്‍ വിജയനാഥ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ഐശ്വര്യ സൈഗാള്‍, എംസി ബാബു, എംപി മോഹനന്, പിഎസ് അജീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.