കോട്ടയം: പൊട്ടിയ പ്ലേറ്റ് കൊണ്ട് മുറിവേറ്റ വീട്ടമ്മ മരിച്ചു. അശമന്നൂര്‍ പുന്നയം പോമയ്ക്കല്‍ ജോയിയുടെ ഭാര്യ ലില്ലി(47) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. മുറിവില്‍ നിന്നുമുണ്ടായ അമിത രക്തസ്രാവമാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.
ഉച്ചഭക്ഷണം കഴിച്ചതിന് ശേഷം പാത്രങ്ങള്‍ കഴുകവെ കൈയ്യിലുണ്ടായിരുന്ന പ്ലേറ്റ് നിലത്തേക്ക് വീഴാന്‍ പോയി. ഇത് പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ പ്ലേറ്റ് പൊട്ടി കൈത്തണ്ടയ്ക്ക് മുറിവേറ്റു. നില്‍ക്കാതെ മുറിവില്‍ നിന്നും രക്തം ഒഴികിയതോടെ ഇവരെ വീട്ടുകാര്‍ ചേര്‍ന്ന് ഒടയ്ക്കാലി ജങ്ഷനിലെ ആശുപത്രിയില്‍ എത്തിച്ചു.
പിന്നീട് ആംബുലന്‍സില്‍ പെരുമ്പാവൂരിലെ ആശുപത്രിയിലും എത്തിച്ചു. എന്നാല്‍ ജീവന് രക്ഷിക്കുവാനായില്ല. ലില്ലിക്ക് രക്തസമ്മര്‍ദ്ദമുണ്ട്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വെള്ളിയാഴ്ച സംസ്കരിക്കും.