തിരുവനന്തപുരം: സ്വകാര്യ ബസുകളില്‍ വിദ്യാര്‍ത്ഥികളെ ഇരിക്കാന്‍ അനുവദിക്കാത്തത് അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവ്. ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന് ഉത്തരവിട്ടു. സീറ്റുണ്ടെങ്കില്‍ പോലും വിദ്യാര്‍ത്ഥികളെ ഇരിക്കാന്‍ ബസ് അധികൃതര്‍ ഇരിക്കാന്‍ അനുവദിക്കാറില്ല.
ഇത്തരം സംഭവങ്ങള്‍ റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിട്ടികള്‍ക്ക് കീഴില്‍ നടക്കുന്നുണ്ടോയെന്നത് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാനാണ് ജസ്റ്റിസ് ഉത്തരവ്. വിദ്യാര്‍ഥികള്‍ക്ക് ഇളവുകള്‍ അനുവദിക്കാന്‍ സ്വകാര്യ ബസ് ഓപറേറ്റഴ്സിന് ബാധ്യതയില്ലെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഓള് കേരള ബസ് ഓപറേറ്റേഴ്സ് ഓര്‍ഗനൈസേഷനും മറ്റു ചിലരും സമര്‍പ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്.
ബസ്സില്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടന്നാലും വിദ്യാര്‍ത്ഥികള്‍ നിന്ന് യാത്ര ചെയ്യേണ്ട അവസ്ഥയാണ്. അനുവദിച്ചിരിക്കുന്ന ചാര്‍ജ് ഈടാക്കിയിട്ടും വിദ്യാര്‍ത്ഥികള്‍ക്കെതിരെ ബസ് ജീവനക്കാര്‍ നടത്തിവരുന്ന ഇത്തരം ക്രൂരതകളെ കുറിച്ച് വാര്‍ത്തയും ചിത്രവും വന്നിരുന്നു. ഇത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് കോടതി ഇക്കാര്യത്തില്‍ ഇടപെട്ടത്.
സ്വകാര്യ ബസുടമകളുടെ ഹരജി സര്‍ക്കാറിന്റെ വിശദീകരണം ലഭിക്കാത്തതിനാല്‍ പരിഗണിച്ചിരുന്നില്ലെങ്കിലും മാധ്യമങ്ങളിലെ വാര്‍ത്തയെ തുടര്‍ന്ന് ആ ഹരജി വിളിച്ചു വരുത്തിയ കോടതി ട്രാന്‍സ്പോര്‍ട്ട് കമീഷണറേയും ഡി.ജി.പിയേയും സ്വമേധയാ കക്ഷി ചേര്‍ത്തു. തുടര്‍ന്നാണ് റിപ്പോര്‍ട്ട് നല്കാന് കമീഷണര്‍ക്ക് നിര്‍ദേശം നല്‍കിയത്. കേസ് വീണ്ടും ഫെബ്രുവരി 14ന് പരിഗണിക്കും.