ഭക്ഷ്യവസ്തുക്കളില്‍ നിറം കിട്ടാനും, കുറേ നാള് കേടുപറ്റാതെ ഇരിക്കാനുമായി നിരവധി രാസവസ്തുക്കള്‍ ചേര്‍ക്കുന്നതായി നമ്മള് എല്ലാവരും കേട്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇതാ മലയാളികളെ ഞെട്ടിച്ച് നാട്ടില്‍ സുലഭമായി ലഭിക്കുന്ന തേങ്ങയിലും മായം ചേര്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു.
തമിഴ് നാട്ടില്‍ നിന്നു വരുന്ന പച്ചത്തേങ്ങ രാസവസ്തു കലര്‍ത്തി ‘വിളവു’ള്ള തേങ്ങയാക്കി വില്‍ക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. തഹസില്‍ദാരുടെ നേതൃത്വത്തില്‍ തേങ്ങ മൊത്ത വില്പന കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ രാസ വസ്തു കലര്‍ത്തിയ തേങ്ങ പിടിച്ചെടുക്കുകയും ചെയ്തു.
സംഭവത്തെ തുടര്‍ന്ന് കൊട്ടാരക്കരയിലും കോട്ടാത്തലയിലും ഉടമകള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. തമിഴ്നാട്ടില്‍ നിന്നും ദിവസേന ലോഡ് കണക്കിന് പൊതിച്ച നാളികേരം സംഭരണ കേന്ദ്രങ്ങളില്‍ എത്തിച്ച് സള്‍ഫര്‍ (ഗന്ധകം) വിതറി ടാര്‍പോളിന്‍ മൂടി പുകയ്ക്കും. ഇതോടെ വിളയാത്ത പച്ചത്തേങ്ങ മണിക്കൂറുകള്‍ക്കുള്ളില്‍ വിളവുള്ള തേങ്ങയായി മാറും. ഇതു ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് ഫുഡ് സേഫ്റ്റി അധികൃതര്‍ അറിയിച്ചു.