കാളികാവ്: കടുവകളുടെ കണക്കെടുപ്പിന് വനംവകുപ്പ് സ്ഥാപിച്ച 12 നിരീക്ഷണക്യാമറകള്‍ മോഷണംപോയി. നീലഗിരിയുമായി അതിര്‍ത്തി പങ്കിടുന്ന സൈലന്റ് വാലി ബഫര്‍ സോണില്‍ സ്ഥാപിച്ച ക്യാമറകളാണ് നഷ്ടപ്പെട്ടത്. മൂന്ന് ലക്ഷത്തിലേറെ രൂപയുടെ നഷ്ടമാണ് വനംവകുപ്പിനുണ്ടായത്.
ചലിക്കുന്ന വസ്തുക്കള്‍ മുന്നില്‍ വന്നാല്‍ ചിത്രം പകര്‍ത്തുന്ന തരത്തിലുള്ള ക്യാമറകളാണ് വനം വകുപ്പ് സ്ഥാപിച്ചിരുന്നത്. ഈ ചിത്രങ്ങള്‍ വനംവകുപ്പിന് ഓഫീസില്‍ നിന്ന് വീക്ഷിക്കാന്‍ കഴിയും. മാവോവാദികളാവാം ക്യാമറകള്‍ കൈവശപ്പെടുത്തിയതെന്ന് പോലീസ് സംശയിക്കുന്നു. മോഷണം പോയ ഒരു ക്യാമറയില്‍ മാവോവാദികളുടേതെന്ന് കരുതുന്ന ചിത്രം പതിഞ്ഞതായി പോലീസ് പറയുന്നു.
യാദൃച്ഛികമായി മാവോവാദികള്‍ ക്യാമറയ്ക്കുമുന്നില്‍ അകപ്പെട്ടപ്പോള്‍ ചിത്രം പതിഞ്ഞതായും നീക്കങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍ പ്പെടാതിരിക്കാന്‍ ക്യാമറകള്‍ മാവോവാദികള്‍ കൈവശപ്പെടുത്തിയതായിരിക്കുമെന്നാണ് പോലീസിന്റെ നിഗമനം.
മലപ്പുറം ജില്ലയിലെ കാളികാവ് പോലീസ് സ്റ്റേഷന് പരിധിയില്‍നിന്ന് രണ്ടും പാലക്കാട് അഗളി പോലീസ് സ്റ്റേഷന് പരിധിയില്‍നിന്ന് പത്തും ക്യാമറകളാണ് നഷ്ടപ്പെട്ടത്. രണ്ട് സ്റ്റേഷനുകളിലും വനംവകുപ്പിന്റെ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
camera-for-tiger-census was stole