തൃശ്ശൂര്‍: കേരളത്തില്‍ 18-ന് മുകളില്‍ പ്രായമുള്ള യുവാക്കളില്‍ മൂന്നിലൊരാള്‍ക്ക് അമിത രക്തസമ്മര്‍ദമുണ്ടെന്ന് പഠനം.അഞ്ചില്‍ ഒരാള്‍ക്ക് പ്രമേഹമുണ്ട്. തിരുവനന്തപുരത്തെ അച്യുതമേനോന് സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സ് സ്റ്റഡീസ് നടത്തിയ പഠനത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരം കണ്ടെത്തിയത്.
12,000 യുവാക്കളിലായിരുന്നു പഠനം നടത്തിയത്. രോഗം കണ്ടെത്തിയിട്ടും അത് നിയന്ത്രിക്കുന്ന കാര്യത്തില്‍ കേരളം ദേശീയ ശരാശരിയെക്കാള്‍ ഏറെ പിന്നിലാണെന്നും 13 ശതമാനം പേര് മാത്രമാണ് അമിതരക്തസമ്മര്‍ദം നിയന്ത്രണത്തിച്ചതെന്നും വ്യക്തമാക്കുന്നു. ജീവിതശൈലീരോഗങ്ങള്‍ നിയന്ത്രിക്കുന്നതിന് വ്യായാമം ചെയ്യാനും, ഭക്ഷണം നിയന്ത്രിക്കാനും, കൃത്യമായി മരുന്നുപയോഗിക്കാനും മലയാളിക്ക് മടിയാണെന്നും പഠനം കണ്ടെത്തുന്നു.
രോഗം ഗുരുതരമാകുമ്പോള്‍ മാത്രമാണ് കേരളത്തിലുള്ളവര്‍ ബോധവാന്മാരാകുന്നത്. പ്രമേഹത്തിന്റെ കാര്യത്തില്‍ 19 ശതമാനം പേര് മാത്രമാണ് ഈ രോഗത്തെ നിയന്ത്രണത്തിലാക്കിയത് മറ്റ് സംസ്ഥാനങ്ങളില്‍ ഇത് 50 ശതമാനത്തോളമാണ്. സര്‍വേയില്‍ പങ്കെടുത്തവരില്‍ 77.8 ശതമാനംപേരും ആവശ്യത്തിന് പച്ചക്കറി കഴിക്കുന്നില്ലെന്നും 86 ശതമാനംപേരും വേണ്ടത്ര പഴവര്‍ഗങ്ങളും കഴിക്കുന്നില്ലെന്നും കണ്ടെത്തി. മുന്‍ വര്‍ഷത്തെക്കാള്‍ എട്ടുശതമാനം പുകയില ഉപഭോഗം കുറഞ്ഞതാണ് ഏക ആശ്വാസമെന്നും പഠനത്തില്‍ പറയുന്നു.