തിരുവനന്തപുരം: കേരളത്തില്‍ വന്‍ നാശം വിതച്ച മഹാപ്രളയത്തില്‍ രക്ഷകരായി എത്തി ആയിരക്കണക്കിന് ആളുകളുടെ ജീവന് കാവലാളയ കേരളത്തിലെ മത്സ്യത്തൊഴിലാളികളെ നൊബേല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്ത് ശശി തരൂര്‍ എംപി. ഈ ആവശ്യം ഉന്നയിച്ച് അദ്ദേഹം നൊബേല്‍ പുരസ്കാര സമിതി അധ്യക്ഷന്‍ ബെറിറ്റ് റീറ്റ് ആന്ഡേഴ്സന് കത്തയച്ചു.
പാര്‍ലമെന്റ് അംഗമെന്ന നിലയ്ക്കാണ് ശശി തരൂരിന്റെ ശുപാര്‍ശ. സ്വന്തം ജീവന് പോലും നോക്കാതെ 65,000 പേരെയാണ് മത്സ്യത്തൊഴിലാളികള്‍ രക്ഷിച്ചതെന്ന് തരൂര്‍ നൊബേല്‍ സമ്മാന സമിതിയെ അറിയിച്ചു. ഒരുപാട് കഷ്ടപാടുകള്‍ നേരിടുന്നവരാണ് ഇവരെങ്കിലും എല്ലാം മറന്ന് രക്ഷാദൗത്യത്തിനായി ഇറങ്ങിത്തിരിച്ച മത്സ്യത്തൊഴിലാളികള്‍ ലോകം മുഴുവന്‍ അറിയപ്പെടുന്ന തീരദേശത്തെ പോരാളികളാണ്.
മത്സ്യത്തൊഴിലാളികളുടെ നിസ്വാര്‍ഥസേവനം തീര്‍ച്ചയായും അവരെ പുരസ്കാരത്തിന് അര്‍ഹരാക്കുന്നുവെന്ന് തരൂര്‍ പറഞ്ഞു. ഇവരുടെ സേവനം ലോകബാങ്കിന്റെയും ഐക്യരാഷ്ട്ര സംഘടനയുടെയും റിപ്പോര്‍ട്ടില്‍ എടുത്തുപറഞ്ഞിട്ടുള്ളതും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.