ആലുവ: യാത്രചെയ്യവെ കൊച്ചുകുട്ടി കാറില്‍ മൂത്രമൊഴിച്ചതിന് വിനോദ സഞ്ചാരികളെ നടുറോഡില്‍ ഇറക്കി നിര്‍ത്തി ടാക്സി ഡ്രൈവറുടെ അസഭ്യവര്‍ഷം. ആലുവ പമ്പ് കവലയില്‍ രാവിലെയാണ് സംഭവമുണ്ടായത്. കൊച്ചിയില്‍ നിന്ന് മൂന്നാറിലേക്ക് പോയ സംഘത്തെയാണ് കൊച്ചി സ്വദേശിയായ ഡ്രൈവര്‍ ചീത്തവിളിച്ചത്.
രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളും ഒരു ചെറിയ കുട്ടിയുമാണ് സംഘത്തിലുണ്ടായിരുന്നത്. കുട്ടി മൂത്രമൊഴിച്ചതോടെ ഡ്രൈവര്‍ ഇവരെ പെരുവഴിയില്‍ ഇറക്കിവിട്ട് അധിക്ഷേപിച്ചത്. കുട്ടി മൂത്രമൊഴിച്ചിരുന്നെങ്കിലും കാറിന്റെ സീറ്റില്‍ തുള്ളിപോലും വീണിരുന്നില്ല. എങ്കിലും അടുത്തുള്ള കാര്‍ വാഷ് സെന്ററില്‍ പോയി അകം വൃത്തിയാക്കാനുള്ള പണം നല്‍കാമെന്ന് വിദേശികള്‍ പറഞ്ഞു. ഡ്രൈവര്‍ ഇത് സമ്മതിച്ചില്ല. തുടര്‍ന്ന് ഇയാള്‍ ഇവരോട് തട്ടിക്കയറുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്തു.
വിഷമിച്ചു നില്ക്കുന്ന വിദേശികളെ കണ്ട നാട്ടുകാര്‍ സംഭവം തിരക്കിയപ്പോഴാണ് ഡ്രൈവര്‍ മോശമായി പെരുമാറി എന്ന് മനസിലായത്. വിദേശികളുടെ ഭാഗത്തി തെറ്റൊന്നുമില്ലാത്തതിനാല്‍ യാത്ര തുടരണമെന്ന് ഡ്രൈവറോട് നാട്ടുകാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഡ്രൈവര്‍ വഴങ്ങിയില്ല.
ഇതോടെ നാട്ടുകാര്‍ പോലീസിനെ അറിയിച്ചു. പോലീസ് സ്ഥലത്തെത്തി ഡ്രൈവറെ സ്റ്റേഷനില്‍ കൊണ്ടുപോയി. തങ്ങള്‍ക്ക് കേസില്‍ താല്‍പ്പര്യമില്ലെന്ന് വിനോദസഞ്ചാരികള്‍ അറിയിച്ചതോടെ ഇയാളെ വിട്ടയച്ചു. ശേഷം പോലീസ് ഏര്‍പ്പാടാക്കിയ മറ്റൊരു കാറില്‍ വിനോദസഞ്ചാരികള്‍ മൂന്നാറിലേക്ക് തിരിച്ചു.