അലനല്ലൂര്‍: പാലക്കാട് ജില്ലയിലെ അലനല്ലൂര്‍ ഗ്രാമത്തില്‍ നിന്ന് ഇക്കുറി സന്തോഷ് ട്രോഫിയില്‍ ബൂട്ട് കെട്ടുന്നത് മൂന്നു പേരാണ്. അതും മൂന്നു ടീമുകള്‍ക്കായി. അലനല്ലൂരില്‍ നിന്ന് ദേശീയ ടൂര്‍ണമെന്റില്‍ കളിക്കാനിറങ്ങുന്നത് കേരളത്തിന്റെ മധ്യനിര താരം മുഹമ്മദ് പാറക്കോട്ടില്‍, ഡാമന്‍ ആന്‍ഡ് ദിയു ഗോള്‍ കീപ്പര്‍ നിഹാല്‍ എസ് ഹുസൈന്, സര്‍വീസസ് ഗോള്‍ കീപ്പര്‍ മുഹമ്മദ് സനൂസ് എന്നിവരാണ്.
ഇത് മൂന്നാംതവണയാണ് കഴിഞ്ഞവര്‍ഷം കിരീടം നേടിയ കേരള ടീമില്‍ അംഗമായിരുന്ന മുഹമ്മദ് പാറക്കോട്ടില്‍ സന്തോഷ് ട്രോഫിയില്‍ കളിക്കുന്നത്. കെഎസ്ഇബി താരമായ മുഹമ്മദ് എടത്തനാട്ടുകര ചാലഞ്ചേഴ്സില്നിന്ന് കളി തുടങ്ങി എറണാകുളം സ്പോര്‍ട്സ് അക്കാദമി, ജാര്‍ഖണ്ഡിലെ ബോക്കോറോ സെയിന്‍ അക്കാദമി എന്നിവിടങ്ങളില്‍ പരിശീലനം നേടിയിട്ടുണ്ട്. എടത്തനാട്ടുകര കോട്ടപ്പള്ളയിലെ ഷാജഹാന്-ഷാനിമോള്‍ ദമ്പതിമാരുടെ മൂത്തമകനാണ് ഇദ്ദേഹം.
മറ്റൊരുതാരം എടത്തനാട്ടുകര ചാലഞ്ചേഴ്സ് ക്ലബ്ബിലൂടെ വളര്‍ന്നുവന്ന നിഹാല്‍ എസ് ഹുസൈന് ഡാമന്‍ ആന്‍ഡ് ദിയു ഗോള്‍ കീപ്പറാണ്. നിഹാല്‍ ഡാമന്‍ ആന്‍ഡ് ദിയു ടീമില്‍ ഇടംനേടിയത് ഒരുമാസത്തെ ക്യാമ്പിനൊടുവിലാണ്. എടത്തനാട്ടുകര ചാലിയന്‍ സക്കീര്‍ ഹുസൈന്-നൗഷിദ ദമ്പതിമാരുടെ മൂത്തമകനായ നിഹാല്‍ കോഴിക്കോട് ഫാറൂഖ് കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിയാണ്. രണ്ടുതവണ പാലക്കാട് ജില്ലാ സീനിയര്‍ ടീമിലും സ്കൂള്‍ പഠനകാലത്ത് സുബ്രതോ മുഖര്‍ജി ടൂര്‍ണമെന്റില്‍ കേരള സ്കൂള്‍ ടീമിലും ഇടംനേടിയിട്ടുണ്ട് നിഹാല്‍.
ഒപ്പം അലനല്ലൂര്‍ സ്വദേശി മുഹമ്മദ് സനൂസ് സര്‍വീസസിന്റെ ഗോള്‍ കീപ്പറായും അരങ്ങേറ്റം കുറിക്കും. റെഡ് ആര്‍മിയുടെ താരമാണ് പാറപ്പുറത്ത് വീട്ടില്‍ അബ്ദുല്‍ റഷീദ്-നസീറ ദമ്പതിമാരുടെ മകനായ സനൂസ്. അലനല്ലൂരിലെ ദേശീയതാരം ചാത്തോളി ഹംസയുടെ പാത പിന്‍പറ്റിയാണ് നാലുവര്‍ഷംമുമ്പ് സനൂസ് ആര്മിയിലെത്തുന്നത്.