കൊച്ചി: കണ്ടെയ്നര്‍ റോഡില്‍ ടോള്‍ പിരിവ് ആരംഭിച്ച ആദ്യദിനം വലിയ നേട്ടമുണ്ടായില്ല. പ്രതിദിനം രണ്ട് ലക്ഷത്തിനും മൂന്ന് ലക്ഷത്തിനും ഇടയില്‍ ടോള്‍ പിരവ് ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ഞായറാഴ്ച വൈകീട്ട് നാല് മണി വരെയുള്ള ടോള്‍ പിരിവില്‍ ലഭിച്ചത് 22,000 രൂപ മാത്രമാണ്. എന്നാല്‍ ടോള്‍ പിരിക്കാനെത്തിയ ജീവനക്കാര്‍ക്കും, സുരക്ഷയ്ക്കായി എത്തിയ പോലീസുകാര്‍ക്കും ഭക്ഷണത്തിനായി ചെലവായത് 23000 രൂപയും.
വലിയ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് ടോള്‍ പിരിവ് ആരംഭിച്ചത്. സംഘര്‍ഷങ്ങള്‍ ഉണ്ടായേക്കാമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ഇവിടെ പോലീസ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. പോലീസിനൊപ്പം ദേശീയ പാത അതോറിറ്റിയുടേയും, ജില്ലാ ഭരണകൂടത്തിന്റേയും ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 120ലേറെ പേര് ടോള്‍ പ്ലാസയില്‍ ആദ്യ ദിനം ഉണ്ടായിരുന്നു.
ഇത്രയും പേര്‍ക്ക് ഭക്ഷണ ഇനത്തില്‍ തന്നെ വന്‍ തോതില്‍ പണം ചിലവായി. ഞായറാഴ് ആരംഭിച്ച ടോള്‍ പിരിവ് ഒരു ദിവസം പിന്നിട്ട് തിങ്കളാഴ്ച ആയപ്പോഴേക്കും ലഭിച്ചത് അമ്പതിനായിരത്തിനടുത്ത് രൂപ. ടോള്‍ പിരിവ് ആരംഭിച്ച ഞായറാഴ്ച അവധി ദിനമായതിനാലാണ് പിരിവ് കുറഞ്ഞതെന്നാണ് വിലയിരുത്തപ്പെടുന്നത്.