തിരുവനന്തപുരം: സംസ്ഥാനത്തെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ആദ്യ സ്പോര്‍ട്സ് ലൈഫ് ഫിറ്റ്നസ് സെന്റര്‍ തലസ്ഥാനത്ത്. വെള്ളയമ്പലത്തെ ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തിലെ രാജീവ് ഗാന്ധി സ്പോര്‍ട്സ് മെഡിസിന് സെന്റര്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് ജനങ്ങള്‍ക്കായി അത്യാധുനിക ജിംനേഷ്യം ഒരുക്കിയിരിക്കുന്നത്.
65 ലക്ഷം രൂപ ചെലവില്‍ 45 വിഭാഗങ്ങളിലായി നൂറിലധികം ഉപകരണങ്ങളാണ് ജിമ്മില്‍ സജ്ജമാക്കിയിരിക്കുന്നത്. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്തവയാണ് ഇവയെന്ന് അധികൃതര്‍ പറഞ്ഞു. വളരെ ശാസ്ത്രീയമായ രീതിയിലാണ് ഇവിടെ ഉപകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
ആദ്യമായെത്തുന്നവര്‍ക്ക് ആരോഗ്യം സംരക്ഷിക്കുന്നതിന്റെ ബാലപാഠങ്ങള്‍ മുതല്‍ ശരീരത്തെ സിക്സ് പായ്ക്കാക്കുന്നതിനുള്ള ടിപ്സുകള്വരെ ജിംനേഷ്യത്തില്‍ പരീശീലിപ്പിക്കും. ഇതിനായി പ്രത്യേക പരിശീലകരുമുണ്ടാകും.
കെട്ടിടത്തിന്റെ നാലാം നിലയിലാണ് ജിം പ്രവര്‍ത്തിക്കുന്നത്. ഒന്നാംനില മുതല്‍ നാലാം നിലവരെയുള്ള പടിക്കെട്ട് കയറിവരുന്നയാള്ക്ക് മാനസികോല്ലാസത്തിനും ആത്മവിശ്വാസം നല്കുന്നതിനുമുള്ള പോസ്റ്ററുകള്‍ പതിപ്പിച്ചിട്ടുണ്ട്. ചുവരെഴുത്തുകള്‍ എന്നിവയും സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ താഴെമുതല്‍ നാലാം നിലവരെയുള്ള പടിക്കെട്ടുകളില്‍ കയറിവരുന്നയാള്ക്ക് എത്ര കലോറി നഷ്ടമാകുന്നുവെന്നും ഓരോ പടിക്കെട്ടിലും രേഖപ്പെടുത്തിയിട്ടുണ്ട്.