കോഴിക്കോട്: നിഴല്‍ യുദ്ധം വേണ്ടെന്നും രാഷ്ട്രീയത്തില്‍ ഇറങ്ങുന്നുണ്ടെങ്കില്‍ രാഷ്ട്രീയ നിലപാട് വ്യക്തമാക്കണമെന്നും എന്‍എസ്എസിനോട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. എന്‍എസ്എസ് നേരത്തേയും സിപിഎം വിരുദ്ധ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും അവര്‍ക്ക് രാഷ്ട്രീയത്തില്‍ ഇറങ്ങണമെങ്കില്‍ രാഷ്ട്രീയ നിലപാട് എടുത്ത് വരട്ടെ എന്നും എന്‍എസ്എസ് അണികളെ മുന്‍നിര്‍ത്തി എന്‍എസ് എസ് നേതൃത്വത്തെ നേരിടാന്‍ സിപിഎമ്മിന് സാധിക്കുമെന്നും കോടിയേരി പറഞ്ഞു.
എന്‍എസ്എസിന് നല്ലത് രാഷ്ട്രീയത്തില്‍ ഇടപെടാതിരിക്കുന്നതാണെന്നും അല്ലങ്കില്‍ അവര്‍ രാഷ്ട്രീയ നിലപാട് തുറന്ന് പറയണമെന്നും യുഡിഎഫിനൊപ്പമാണോ അതോ ബിജെപിക്കൊപ്പമാണോ എന്ന് തുറന്നു പറയണമെന്നും അല്ലാതെ നിഴല്‍ യുദ്ധം വേണ്ടെന്നാണ് സുകുമാരന്‍ നായരോട് പറയാനുള്ളതെന്നും കോടിയേരി വ്യക്തമാക്കി.
നടപ്പാക്കേണ്ടത് എന്‍എസ്എസ് സമുദായ അംഗങ്ങളുടെ പുരോഗതിക്കുവേണ്ടിയുള്ള പദ്ധതികളാണെന്നും അല്ലാതെ രാഷ്ട്രീയ നിലപാട് എടുക്കാന്‍ പാടില്ലെന്നും അത് അവരുടെ അണികള്‍ തന്നെ എതിര്‍ക്കുന്നുണ്ടെന്നും എന്‍എസ്എസ് നേതൃത്വം പറഞ്ഞു. എന്‍എസ്എസിന് വേണമെങ്കില്‍ രാഷ്ട്രീയ പാര്ട്ടിയുണ്ടാക്കാമെന്നും മുമ്പ് എന്‍എസ്എ് അത് ചെയ്തിട്ടുണ്ടെന്നും 1982 ല്‍ എന്‍ഡിപി എന്നായിരുന്നു ആ പാര്‍ട്ടിയുടെ പേരെന്നും കേരള ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ അഴിമതി കാട്ടിയ പാര്‍ട്ടിയായിരുന്നു അതെന്നും കോടിയേരി സൂചിപ്പിച്ചു.
യുഡിഎഫ് അവരെക്കൂടാതെ ധീവരസഭയുടെ ഡിഎല്‍പി എന്ന പാര്‍ട്ടിയും എസ്എന്‍ഡിപിയുടെ എസ്ആര്‍പി എന്ന പാര്‍ട്ടിയും എല്ലാം ചേര്‍ന്ന മുന്നണിയായിരുന്നു. ആ മുന്നണിയെ പരാജയപ്പെടുത്തിയാണ് 1987 ല്‍ ഇടതുമുന്നണി അധികാരത്തില്‍ വന്നത്. അത്തരം ഇടപെടലുകള്‍ എന്‍എസ്എസ് മുമ്പും സീകരിച്ചിട്ടുണ്ടെന്നും അത്തരത്തിലുള്ള വിരട്ടലുകള്‍ക്ക് മുന്നില്‍ സിപിഎം ഭയപ്പെടാന്‍ പോകുന്നില്ലെന്നും അത്തരത്തിലുള്ള രാഷ്ട്രീയ പരീക്ഷണത്തിന് സുകുമാരന്‍ നായര്‍ വീണ്ടും തുനിയുകയാണെങ്കില്‍ അതെല്ലാം നേരിടാന്‍ സിപിഎമ്മിന് കഴിയുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.