തിരുവനന്തപുരം: സുരക്ഷാപിഴവു മൂലം കേരള ആരോഗ്യവകുപ്പിന്റെ ഹൃദ്യം പദ്ധതിയുടെ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത 3,800 പേരുടെ രോഗവിവരങ്ങളും വ്യക്തിവിവരങ്ങളും പുറത്ത്. പിഴവ് കണ്ടെത്തിയത് ഫ്രഞ്ച് സൈബര്‍ സുരക്ഷാവിദഗ്ധനായ എലിയറ്റ് ആല്‍ഡേഴ്സണ്‍ ആണ്. വിഷയം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് പിഴവ് പരിഹരിക്കാന്‍ ആരോഗ്യവകുപ്പ് ശ്രമം തുടങ്ങിയിട്ടുണ്ട്.
ഹൃദ്യം പദ്ധതി ജനനസമയത്ത് സങ്കീര്‍ണമായ ഹൃദയരോഗങ്ങളുമായി ജനിക്കുന്ന കുട്ടികള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്നതിന് ഉള്ളതാണ്. വെബ്സൈറ്റ് രജിസ്ട്രേഷന് ഉപയോഗിച്ച് ഇത്തരത്തില്‍ സൗജന്യ ഹൃദയ ശസ്ത്രക്രിയ സംവിധാനം രൂപീകരിച്ചത് രാജ്യത്താദ്യമായാണ്. എന്നാല്‍ സൈറ്റിന് അടിസ്ഥാന സുരക്ഷാസൗകര്യങ്ങള്‍ പോലുമില്ലെന്ന് വിദഗ്ധര്‍ പറയുന്നു.
മുഖ്യമന്ത്രിയുടെയും ആരോഗ്യകേരളത്തിന്റെയും ട്വിറ്റര്‍ ഹാന്‍ഡിലിനെ പരാമര്‍ശിച്ചുകൊണ്ട് വിവരം എലിയറ്റ് ആല്‍ഡേഴ്സണ്‍ ട്വീറ്റ് ചെയ്തത് ഇന്നലെ രാത്രിയോടെയാണ്. ഉടന്‍ തന്നെ പലരും ആരോഗ്യവകുപ്പിനെ വിവരം അറിയിച്ചു. രാത്രി വൈകിയാണെങ്കിലും അധികൃതര്‍ എലിയറ്റുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്.
കഴിഞ്ഞ മാര്‍ച്ചിലാണ് മെഡിക്കല്‍ വിവരങ്ങള്‍ ചോരുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന നിയമത്തിന്റെ കരടുരൂപം പ്രസിദ്ധീകരിച്ചത്. നിയമം അനുസരിച്ച് പൗരന്മാരുടെ ആരോഗ്യവിവരങ്ങള്‍ ചോര്‍ന്നാല്‍ അഞ്ച് വര്‍ഷം വരെ തടവും അഞ്ച് ലക്ഷം രൂപ വരെ പിഴയും ലഭിക്കാം. ആക്ട് അനുസരിച്ച് കേന്ദ്രത്തിലും സംസ്ഥാനത്തും രൂപീകരിക്കുന്ന അതോറിറ്റികള്‍ക്ക് സിവില്‍ കോടതിയുടെ അധികാരമുണ്ടായിരിക്കുമെന്നും കരട് വ്യക്തമാക്കുന്നു.