കൊച്ചി: സംസ്ഥാനത്തെ ഏഴു റെയില്‍വെ സ്റ്റേഷനുകള്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നു. തുച്ഛമായി ലഭിക്കുന്ന വരുമാനത്തെ തുടര്‍ന്ന് തിരുവനന്തപുരം ഡിവിഷന് കീഴിലുളള ഏഴു റെയില്‍വെ സ്റ്റേഷനുകളാണ് അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നത്.
നിലവില്‍ പ്രൈവറ്റ് ഏജന്‍സികളുടെ കീഴിലുള്ള ചൊവ്വര, കാഞ്ഞിരമറ്റം, കുമാരനല്ലൂര്‍, വേളി, കടത്തുരുത്തി, ചോറ്റാനിക്കര റോഡ്, കാപ്പില്‍ എന്നി സ്റ്റേഷനുകളാണ് അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നത്. തുച്ഛമായ വരുമാനത്തെ തുടര്‍ന്ന് പ്രൈവറ്റ് ഏജന്‍സികള്‍ സ്റ്റേഷനുകളുടെ നടത്തിപ്പ് ചുമതലയില്‍ നിന്ന് പിന്മാറാന് തയ്യാറാണെന്ന് കാണിച്ച് റെയില്‍വെയെ സമീപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
സ്റ്റേഷനില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ 15 ശതമാനം ലഭിക്കത്തക്കവിധമാണ് പ്രൈവറ്റ് ഏജന്‍സികള്‍ റെയില്‍വെയുമായി കരാറിലേര്‍പ്പെട്ടത്. എന്നാല്‍ പ്രതിദിനം 2000 രൂപയില്‍ താഴെ മാത്രമാണ് ഓരോ സ്റ്റേഷനുകളില്‍ നിന്നും ലഭിക്കുന്ന വരുമാനം.
ഹാള്‍ട്ട് സ്റ്റേഷനുകള്‍ എന്നറിയപ്പെടുന്ന ഈ സ്റ്റേഷനുകളില്‍ മെമു, പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് മാത്രമാണ് സ്റ്റോപ്പുളളത്. പ്രൈവറ്റ് ഏജന്‍സികള്‍ പിന്മാറുന്നതുമായി ബന്ധപ്പെട്ട് സ്റ്റേഷനുകള്‍ അടച്ചു പൂട്ടല്‍ ഭീഷണി നേരിടുന്നതായി റെയില്‍വെ അധികൃതര്‍ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചിട്ടുണ്ട്.