ബംഗളൂരു: യശ്വന്തപുര – കണ്ണൂര്‍ എക്സ്പ്രസ് ബാനസവാടിയില്‍ നിന്നാക്കുന്നതിനെതിരേ പ്രതിഷേധം ശക്തമാകുന്നു. മലബാറില്‍നിന്നുള്ള യാത്രികരെ ദുരിതത്തിലാക്കിക്കൊണ്ടാണ് റെയില്‍വെയുടെ പുതിയ നടപടി. ഇതിനെതിരെ വിവിധ മലയാളിസംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.
യാത്രക്കാരെ കഷ്ടപ്പെടുത്തിക്കൊണ്ടുള്ള റെയില്‍വെയുടെ പുതിയ തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു തന്നെ പോകുമെന്ന് സംഘടനകള്‍ അറിയിച്ചു. യശ്വന്തപുരയില്‍നിന്ന് ശിവമൊഗയ്ക്ക് പുതിയതായി തുടങ്ങുന്ന ദ്വൈവാര ശതാബ്ദി എക്സ്പ്രസിന് സൗകര്യമൊരുക്കുന്നതിന് വേണ്ടിയാണ് കണ്ണൂരിലേക്കുള്ള തീവണ്ടി ബാനസവാടിയില്‍നിന്ന് ആക്കുന്നത്. തിങ്കളാഴ്ച മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.
എന്നാല്‍, വടക്കേമലബാറിലേക്കുള്ള യാത്രികരെ ഇത് ദുരിതത്തിലാക്കുന്നു. ഏകപ്രതിദിന തീവണ്ടിയെ യശ്വന്തപുരത്തുനിന്ന് ബാനസവാടിയിലേക്ക് മാറ്റുന്നതിനുപകരം ബീദറിലേക്കുള്ള തീവണ്ടി മാറ്റണമെന്ന് മലയാളികള്‍ ആവശ്യപ്പെട്ടു. കേരളത്തിലേക്കുള്ള തീവണ്ടികളോട് മാത്രമാണ് റെയില്‍വെ അവഗണന കാട്ടുന്നതെന്നും അവര്‍ ആരോപിച്ചു.