തിരുവനന്തപുരം: ടോമിന് തച്ചങ്കരിയെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്തുനിന്നും നീക്കിയതിനു പിന്നാലെ കെഎസ്ആര്‍ടിസി ഡിപ്പോകളുടെ ഭരണം യൂണിയന് നേതൃത്വം തിരിച്ചുപിടിച്ചു. നിര്‍ണായക തീരുമാനങ്ങള്‍ എടുക്കേണ്ടത് അതത് യൂണിറ്റുകളിലെ തൊഴിലാളി നേതാക്കളെക്കൂടി പരിഗണിച്ചുവേമെന്ന് ഡിപ്പോ മേധാവിമാര്‍ക്ക് ഭരണാനുകൂല സംഘടനയുടെ സംസ്ഥാന നേതാക്കള്‍ വാക്കാല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി അധിക ഡ്യൂട്ടി ബഹിഷ്കരിച്ചുതുടങ്ങിയിട്ടുണ്ട്.
എംജി രാജമാണിക്യം മേധാവിയായപ്പോഴാണ് നേതാക്കളുടെ ഡിപ്പോഭരണം പൊളിച്ചടുക്കാനുള്ള ശ്രമം ആരംഭിച്ചത്. സംസ്ഥാന നേതാക്കളെത്തന്നെ മുഖ്യമന്ത്രിയുടെ പിന്തുണയോടെ എത്തിയ ടോമിന് തച്ചങ്കരി തലങ്ങും വിലങ്ങും സ്ഥലംമാറ്റി. ഇതോടെ ഭരണകക്ഷി സംഘടനകളുടെ പ്രസക്തി നഷ്ടമായിരുന്നു. നേതാക്കളുടെ നിര്‍ദേശപ്രകാരം ഡ്യൂട്ടി വീതം വയ്ക്കുന്നതും ഷെഡ്യൂള്‍ ക്രമീകരിക്കുന്നതും നിര്‍ത്തുന്നതും നേതാക്കള്‍ക്ക് ശരീരികാദ്ധ്വാനം കുറഞ്ഞ ഡ്യൂട്ടി നല്‍കുന്നതും അവസാനിപ്പിച്ചു. പകരം വരുമാനം അടിസ്ഥാനമാക്കി ഡ്യൂട്ടി വീതംവെക്കുകയും ചെയ്തു. അതോടെ നേതാക്കള്‍ പറഞ്ഞാല്‍ ഒന്നും നടക്കാതെയായി.
എന്നാല്‍ യൂണിയനുകളുടെ പ്രധാനപരാതി തൊഴിലാളി നേതാക്കളെ വകവയ്ക്കാത്ത തച്ചങ്കരിഭരണത്തില്‍ മാസവരിയും അംഗത്വവും കുറയുന്നുവെന്നായിരുന്നു. പ്രമുഖ സംഘടനയ്ക്ക് മാസവരി നല്കുന്ന ജീവനക്കാരുടെ എണ്ണം 22,000ല്‍നിന്ന് 15,000 ആയി കുറയുകയും ചെയ്തിരുന്നു.
എന്നാല്‍ തച്ചങ്കരിയെ മാറ്റിയതിനെ തുടര്‍ന്ന് യൂണിയനുകളുടെ കാലം തിരിച്ചെത്തി. ഇതിന്റെ ആദ്യപടിയായി മാസവരി പിരിവ് ഊര്‍ജിതമാക്കാനാണ് നീക്കം. നേതാക്കളുടെ ഭീഷണിക്കുവഴങ്ങി വീണ്ടും മാസവരി കൊടുക്കേണ്ട അവസ്ഥയിലാണ് ഇപ്പോള്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍.