തിരുവനന്തപുരം: കായല്‍ കൈയേറ്റത്തില്‍ കേസിന്റെ വിധി പറയാനിരിക്കെ എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യത്തില് നിന്ന് തോമസ് ചാണ്ടി പിന്മാറുന്നതായി റിപ്പോര്‍ട്ട്. സുപ്രീംകോടതിയില്‍ എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിക്കാനായി തോമസ് ചാണ്ടി തിങ്കളാഴ്ച സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കും എന്നാണ് സൂചന.
മുന്‍മന്ത്രി തോമസ് ചാണ്ടി 2017 നവംബറിലാണ് കായല്‍ കയ്യേറ്റക്കേസിലെ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്. അപ്പീലില്‍ തോമസ് ചാണ്ടി ആവശ്യപ്പെട്ടിരുന്നത് ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നും ഒപ്പം തന്റെ പേര് പരാമര്‍ശിച്ചു കൊണ്ടുള്ള കളക്ടറുടെ റിപ്പോര്‍ട്ടും അതിന്റെ ഭാഗമായ തുടര്‍നടപടികളും സ്റ്റേ ചെയ്യണമെന്നാണ്.
കൈനകരി പഞ്ചായത്തംഗം ബികെ വിനോദ് 2017 മേയ് 24 ന് മാര്‍ത്താണ്ഡം കായല്‍ സ്വകാര്യ വ്യക്തി കൈയേറി മണ്ണിട്ടു നികത്തിയെന്ന് ജില്ലാ കളക്ടര്‍ക്കും തഹസില്‍ദാര്‍ക്കും പഞ്ചായത്ത് കമ്മിറ്റിക്കും പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് സംഭവത്തില്‍ തോമസ് ചാണ്ടി കുറ്റക്കാരനാണെന്ന് വ്യക്തമാക്കി കലക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു.
ഇതേ തുടര്‍ന്ന് അന്നത്തെ ഗതാഗത മന്ത്രിയായിരുന്ന തോമസ് ചാണ്ടി കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലാ കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയിലെത്തിയപ്പോള്‍ രാജിയാണ് ഉത്തമമെന്ന് കോടതി പറഞ്ഞിരുന്നു. രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് തോമസ് ചാണ്ടി മന്ത്രിസ്ഥാനം രാജിവെയ്ക്കുകയും ചെയ്തിരുന്നു.