കൊച്ചി: പികെ കുഞ്ഞനന്തന് ജയിലില്‍ സുഖമായി കിടന്നു കൂടെയെന്ന് ചോദിച്ച് ഹൈക്കോടതി. ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന് വധക്കേസ് പ്രതിയാണ് പികെ കുഞ്ഞനന്തന്. ഹൈക്കോടതി ഇങ്ങനെ ചോദിച്ചത് ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് കുഞ്ഞനന്തന് ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജി പരിഗണിക്കവെയാണ്.
ഹൈക്കോടതിയില്‍ കുഞ്ഞനന്തന് ഗുരുതര ആരോഗ്യ പ്രശ്നമുണ്ടെന്ന് കാണിച്ച് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഹൈക്കോടതിയുടെ ഈ ചോദ്യം. അഭിഭാഷകന് കുഞ്ഞനന്തന് നടക്കാന്‍ പോലും പറ്റില്ലെന്ന് വാദിച്ചിരുന്നു. ഏഴ് വര്‍ഷവും ജയിലിലാണോ കിടന്നതെന്ന് ചോദിച്ച കോടതി രേഖകളുടെ അടിസ്ഥാനത്തില്‍ ജയിലില്‍ കിടന്നിട്ടേയില്ല എന്നാണല്ലോ കാണുന്നതെന്നും പരിഹസിച്ചു.
എന്താണ് ശാരീരിക പ്രശ്നമെന്ന് കൃത്യമായി അറിയണമെന്ന് വിശദമാക്കിയ കോടതി കേസ് പരിഗണിക്കുന്നത് ഈ മാസം എട്ടിലേക്ക് മാറ്റിവെച്ചു. 2014 ജനുവരിയിലാണ് സിപിഎം പാനൂര്‍ ഏരിയ കമ്മിറ്റിയംഗമായിരുന്ന പി കെ കുഞ്ഞനന്തന് ടിപി വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിലായത്. എന്നാല്‍ നാല് വര്‍ഷം തടവ് പൂര്‍ത്തിയാകുമ്പോള്‍ കുഞ്ഞനന്തന് 389 ദിവസം പരോളിലാണെന്ന് ജയില്‍ രേഖകള്‍ തന്നെ പറയുന്നുണ്ട്.