ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധിയെ കേരളത്തിലേക്ക് കൊണ്ടുവരുന്നത് സംബന്ധിച്ചു കെപിസിസി നേതൃത്വം ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തി. തെരഞ്ഞെടുപ്പ് വരാനിരിക്കെ പ്രിയങ്കയെ കേരളത്തില്‍ പ്രചാരണത്തിനിറങ്ങിയാല്‍, സംസ്ഥാനത്തുടനീളം യുഡിഎഫിന് നേട്ടമാകുമെന്നാണു വിലയിരുത്തല്‍. വിദേശത്തു നിന്ന് പ്രിയങ്ക തിരിച്ചെത്തിയാല്‍ ഉടന്‍ തന്നെ ഇക്കാര്യം ദേശീയ നേതൃത്വം പരിഗണിക്കും.
മലയാളികള്‍ക്കു പ്രിയങ്കയോടുള്ള ഇഷ്ടം പരമാവധി പ്രയോജനപ്പെടുത്തണമെന്നാണു കെപിസിസി ലക്ഷ്യം. കൂടാതെ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ സംഘടിപ്പിക്കാനും തീരുമാനമുണ്ട്. മലബാര്‍, മധ്യ, തെക്കന്‍ കേരളം എന്നിവിടങ്ങളിലായി രാഹുലിന്റെ മൂന്ന് റോഡ് ഷോ നടത്താനാണ് പദ്ധതി. എന്നാല്‍ രാഹുലുമായി കൂടിയാലോചിച്ച ശേഷം മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുകയുള്ളൂ.