കോഴിക്കോട്: സിപിഎം നേതാവ് സൈമണ്‍ ബ്രിട്ടോയുടെ മരണം സംബന്ധിച്ച അദ്ദേഹത്തിന്റെ പത്നിയും ചികിത്സിച്ച ഡോക്ടറും ഉന്നയിച്ച സംശയങ്ങള്‍ ഗൗരവപൂര്‍വം കാണേണ്ടതുണ്ടെന്നും മരണത്തെക്കുറിച്ചുള്ള ദുരൂഹത നീക്കണമെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് പറഞ്ഞു.
അദ്ദേഹത്തോടൊപ്പം അവസാനസമയത്തുണ്ടായിരുന്നവരുടെ പരസ്പരവിരുദ്ധമായ മൊഴികളും മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പാര്ട്ടിക്കാര് കൈവശപ്പെടുത്തിയതുമെല്ലാം സംശയാസ്പദമാണെന്നും സുരേന്ദ്രന് വ്യക്തമാക്കി. കെ സുരേന്ദ്രന് ഇക്കാര്യം ആവശ്യപ്പെട്ടത് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ്.
നേരത്തെ അദ്ദേഹം കൊല്ലപ്പെട്ട എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ കേസന്വേഷണത്തിലെ പിഴവുകളെ സംബന്ധിച്ച് പ്രകടിപ്പിച്ച അഭിപ്രായം വലിയ ചര്‍ച്ചയായിരുന്നു. അദ്ദേഹത്തിന്റെ ആത്മകഥ എഴുതാന്‍ അഭിമന്യുവിനെ ചുമതലപ്പെടുത്തിയതായുമുള്ള വാര്‍ത്തകള്‍ കേട്ടിരുന്നു. അവസാനകാലത്ത് ബ്രിട്ടോ ദേശീയ പ്രസ്ഥാനങ്ങളുടെ ചില പരിപാടികളില്‍ പങ്കെടുത്തതും വലിയ വാര്‍ത്തയായിരുന്നു.
കേരളത്തിന്റെ ഒരു പൊതുസ്വത്തായിരുന്നു പ്രതികൂല പരിതസ്ഥിതിയോടു പൊരുതി പൊതുരംഗത്ത് നിത്യവിസ്മയമായി വിരാജിച്ച ബ്രിട്ടോ എന്നും അദ്ദേഹത്തിന്റെ മരണം സംബന്ധിച്ച ദുരൂഹത നീങ്ങേണ്ടത് എല്ലാവരുടെയും ആവശ്യമാണെന്നും ഇക്കാര്യത്തില്‍ സത്യസന്ധമായ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാവണമെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.