കണ്ണൂര്‍: ഒരു കുടുംബത്തിലെ 10 പേര് ഐഎസില്‍ ചേര്‍ന്നതായും ഇവരില്‍ നാല് പേര് കൊല്ലപ്പെട്ടതായും പോലീസ്. സംഭവം കണ്ണൂരിലാണ്. കണ്ണൂര്‍ സിറ്റി പോലീസ് പരിധിയിലെ ഒരു വീട്ടില്‍ നിന്നാണ് സഹോദരിമാരും ഭര്ത്താക്കന്മാരും അവരുടെ മക്കളും അടക്കം 10 പേര് ഐഎസില്‍ ചേര്‍ന്നത് എന്നാണ് റിപ്പോര്‍ട്ട്.
ഐഎസില്‍ ചേര്‍ന്നത് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളായ ടിവി ഷമീര്‍, അന്‍വര്‍, അവരുടെ ഭാര്യമാര്‍, മക്കള്‍ എന്നിവര്‍ അടങ്ങിയ 10 പേരാണ്. ഇതില്‍ ടിവി ഷമീര്‍, അന്‍വര്‍, ഷമീറിന്റെ മക്കളായ സഫ്വാന്, സല്മാന് എന്നിവരാണ് കൊല്ലപ്പെട്ടത്. ഭാര്യമാരെക്കുറിച്ച് വിവരമില്ലെന്നും പോലീസ് പറഞ്ഞു.
ആദ്യം ഐഎസില്‍ എത്തിയത് ടിവി ഷമീറും കുടുംബവുമാണ്. തുടര്‍ന്ന് അന്‍വറും കുടുംബവും എത്തിപ്പെടുകയായിരുന്നു. കഴിഞ്ഞ നവംബര്‍ 19ന് ആയിരുന്നു ബംഗളൂരു, മൈസൂര്‍ എന്നിവിടങ്ങളിലേക്ക് വിനോദയാത്ര പോകുന്നുവെന്ന് പറഞ്ഞ് അന്‍വറും ഭാര്യയും മൂന്ന് മക്കളും വീട്ടില്‍ നിന്ന് പോയത്. പോകുന്ന സമയത്ത് അന്‍വറിന്റെ ഭാര്യ ഗര്‍ഭിണിയായിരുന്നുവെന്നും പോലീസ് പറയുന്നു. വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ഇറാന് വഴി സിറിയയിലെത്തിയതായി വിവരം ലഭിച്ചത്.
ഏകദേശം 35 പേര് കണ്ണൂര്‍ ജില്ലയില്‍ നിന്ന് മാത്രം ഐഎസില്‍ ചേര്‍ന്നതായതാണ് വിവരം. ഇതോടെ അന്വേഷണം കൂടുതല്‍ ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് പോലീസ്. നേരത്തെ ഇതേ കുടുംബത്തിലെ മറ്റൊരു മകളും ഭര്‍ത്താവും മൂന്ന് കുട്ടികളും ഐഎസില്‍ എത്തിയതായി ഇവര്‍ക്ക് അറിയാമായിരുന്നു.