തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ വോട്ടര്‍ പട്ടിക ഇന്നു പ്രസിദ്ധീകരിക്കും. തെരഞ്ഞെടുപ്പ് കമ്മിഷന്റെയും സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെയും വെബ്സൈറ്റുകളിലായിരിക്കും പട്ടിക പ്രസിദ്ധീകരിക്കുക. ഇതില്‍ തങ്ങളുടെ പേരു ഉള്‍പ്പെട്ടിട്ടുണ്ടോയെന്നു വോട്ടര്‍മാര്‍ക്കു പരിശോധിക്കാം. കൂടാതെ നാളെ മുതല്‍ പുതുതായി അപേക്ഷിക്കാനും വിലാസം മാറ്റാനും വെബ്സൈറ്റില്‍ സൗകര്യം ഒരുക്കും.
കഴിഞ്ഞ നവംബര്‍ 15 വരെ പേരു ചേര്‍ക്കാനും വിലാസം മാറ്റാനും അപേക്ഷിച്ചവരുടെ പേരുകള്‍ ഉള്‍പ്പെടുത്തിയും മാറ്റം വരുത്തിയുമുള്ള പട്ടികയാണ് ഇന്നു പ്രസിദ്ധീകരിക്കുന്നത്. പുതുതായി പേര് ചേര്‍ക്കേണ്ടവര്‍ക്ക് ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കേണ്ട അവസാന തീയതിക്കു തലേന്നുവരെ അവസരമുണ്ട്.
ഇവരുടെ പേരു കൂടി ഉള്‍പ്പെടുത്തി വോട്ടെടുപ്പിനു മുന്‍പ് അനുബന്ധ വോട്ടര്‍ പട്ടിക തയാറാക്കും. മുഖ്യപട്ടികയിലും അനുബന്ധ പട്ടികയിലും ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്കാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനാകുക.