തിരുവനന്തപുരം: ഫാര്‍മസി നിയമം ഭേദഗതി ചെയ്യാന്‍ ഒരുങ്ങി ഫാര്‍മസി കൗണ്‍സില്‍ ഓഫ് ഇന്ത്യ. വിദേശത്തെ കോളേജുകളില്‍ ഫാര്‍മസി കോഴ്സുകള്‍ പഠിച്ചവര്‍ക്ക് ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യാന്‍ അവസരം നല്കുന്ന രീതിയിലായിരിക്കും നിയമം ഭേദഗതി ചെയ്യുക.
ഇന്ത്യയില്‍ ഫാര്‍മസിസ്റ്റ് ആയി ജോലി ചെയ്യുന്നതിനുള്ള യോഗ്യത നിശ്ചയിക്കുന്ന വ്യവസ്ഥയാണ് ഭേദഗതി ചെയ്യുക. നിലവില്‍ ഇന്ത്യന്‍ ഫാര്‍മസി കൗണ്‍സിലിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ പഠിച്ചവര്‍ക്കുമാത്രമാണ് സംസ്ഥാനങ്ങളില്‍ രജിസ്ട്രേഷന് നടത്തി ജോലി ചെയ്യാന്‍ സാധിക്കുകയുള്ളൂ. വിദേശത്തു പഠിച്ചവര്‍ക്ക് നിയമമനുസരിച്ച് സംസ്ഥാന ഫാര്‍മസി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്യാനാകില്ല. ഇത് പലരെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
വിദേശത്തു ഫാര്‍മസി കോഴ്സുകള്‍ പഠിക്കുന്നവരുടെ എണ്ണം കൂടി വരുന്നതോടെയാണ് വ്യവസ്ഥ ഉദാരമാക്കാന്‍ കാരണം. യുഎസ്, യുകെ, ഓസ്ട്രേലിയ, കാനഡ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് വിദ്യാര്‍ഥികള്‍ പ്രധാനമായും പോകുന്നത്. നാട്ടില്‍ പ്രാക്ടീസ് ചെയ്യാന്‍ നിയമം അനുവദിക്കാത്തതിനെ തുടര്‍ന്ന് മിക്കവരും പഠനത്തിനുശേഷം അവിടെത്തന്നെ ജോലി കണ്ടെത്തി തുടരുന്ന അവസ്ഥയാണ്.
എന്നാല്‍ നിയമം ഭേദഗതി ചെയ്യുന്നതിനുമുമ്പ് വിവിധ രാജ്യങ്ങളിലുള്ള ഫാര്‍മസി കോഴ്സുകളെക്കുറിച്ച് കൗണ്‍സില്‍ വിശദമായി പഠിക്കും. ശേഷം ജൂലായിക്കുള്ളില് കരട് ഭേദഗതി തയ്യാറാക്കാനാണ് തീരുമാനം. തുടര്‍ന്ന് ആരോഗ്യമന്ത്രാലയത്തിന്റെ പരിഗണനയ്ക്കയക്കും.