തൃശ്ശൂര്‍: ക്ഷേത്രങ്ങളിലെ പ്രസാദമൂട്ടിനും പള്ളികളിലെ ഊട്ടു നേര്‍ച്ചയ്ക്കുമെല്ലാം ഇനി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ രജിസ്ട്രേഷന് നിര്‍ബന്ധം. രജിസ്ട്രേഷനില്ലാതെ ആരാധനാലയങ്ങളിലെ ഭക്ഷണ പ്രസാദ വിതരണം നടത്താന്‍ അനുവദിക്കരുതെന്ന് സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ ഉത്തരവിട്ടു. നിയമം തെറ്റിച്ച് പ്രസാദം വിതരണം ചെയ്താല്‍ അഞ്ച് ലക്ഷം രൂപ പിഴയോ ആറ് മാസം തടവോ ശിക്ഷയായി ലഭിക്കും.
ക്ഷേത്രങ്ങള്‍, മുസ്ലിം പള്ളികള്‍, ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ എന്നിവയ്ക്കു ഒരു പോലെ പുതിയ തീരുമാനം ബാധകമാണ്. പ്രസാദം, ഭക്ഷണ തുടങ്ങി വിതരണം ചെയ്യുന്ന എല്ലാ ആഹാര പദാര്‍ഥങ്ങളും രജിസ്ട്രേഷന്റെ പരിധിയില്‍പ്പെടും. കൗണ്ടറുകള്‍ വഴി പ്രസാദ വിതരണം നടത്താന്‍ ലൈസന്‍സ് എടുക്കണമെന്നു നേരത്തെ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇപ്പോഴാണ് ഊട്ടു നേര്ച്ചയ്ക്കും പ്രസാദമൂട്ടിനുമെല്ലാം നിയന്ത്രണം വന്നത്.
ഇതുസംബന്ധിച്ച് ഓരോ ജില്ലയിലെയും ആരാധനാലയ പ്രതിനിധികളുമായി ചര്‍ച്ച നടത്താന്‍ കമ്മീഷണര്‍ നിര്‍ദേശിച്ചിരുന്നു. പ്രസാദമടക്കമുള്ള ഭക്ഷ്യവസ്തുക്കളുടെ സുരക്ഷാ ഗുണനിലവാരും ഉറപ്പാക്കണം. പ്രസാദ നിര്‍മാണത്തിനു വേണ്ടി വാങ്ങുന്ന അസംസ്കൃത ഭക്ഷ്യ വസ്തുക്കളുടെ ബില്ലുകളും വൗച്ചറുകളും സൂക്ഷിച്ചു വയ്ക്കണമെന്നും അന്നദാനം, ലഘു ഭക്ഷണ വിതരണം, ജല വിതരണം എന്നിവയുടെയും ഗുണ നിലവാരം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും നിര്‍ദേശമുണ്ട്.