കൊച്ചി: സൗഹൃദങ്ങള്‍ വീടിനുള്ളിലേക്ക് വളരുമ്പോള്‍ അതിന് നിയന്ത്രണം നല്‍കണമെന്ന് സംസ്ഥാന വനിതാ കമ്മീഷന് അധ്യക്ഷ എംസി ജോസഫൈന്. പുറത്ത് നിന്നുള്ളവരുമായുള്ള സൗഹൃദങ്ങള്‍ക്ക് പരിധി നിശ്ചയിക്കേണ്ടതുണ്ടെന്നും വീടിനുള്ളിലേക്ക് വളരുമ്പോള്‍ ജാഗ്രത വേണമെന്നും വനിതാ കമ്മീഷന് വ്യക്തമാക്കി.
വീട്ടിലേക്ക് സ്ഥിരമായി ഭര്‍ത്താവിനൊപ്പം വരാറുള്ള സുഹൃത്തുക്കള്‍ ചേര്‍ന്ന് അടുത്തിടെ ഒരു വീട്ടമ്മയുടെ അശ്ലീല ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തെ തുടര്‍ന്നാണ് കമ്മീഷന് ഇത്തരമൊരു നിരീക്ഷണം നടത്തിയത്. ധാരാളം സുഹൃത്തുക്കളുള്ള ഭര്‍ത്താവ് സ്ഥിരമായി മദ്യപിക്കാന്‍ ഇവരെ വീട്ടിലേക്ക് ക്ഷണിക്കുകയും സത്കാരങ്ങള്‍ നടത്തുകയും ചെയ്യാറുണ്ടായിരുന്നു. എന്നാല്‍ ഒരു ദിവസം വീട്ടിലെത്തിയ സുഹൃത്തുക്കള്‍ ചേര്‍ന്ന് വീട്ടമ്മയുടെ ഫോട്ടോ പകര്‍ത്തുകയും മോര്‍ഫ് ചെയ്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു.
ഭര്‍ത്താവിന് ഇവരുമായി സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നെന്നും ഇത് തീര്‍ത്തില്ലെന്ന കാരണത്താലാണ് തന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചതെന്നുമാണ് വീട്ടമ്മയുടെ പരാതി. 91 പരാതികളാണ് വനിതാ കമ്മീഷന്റെ കഴിഞ്ഞ ദിവസത്തെ അദാലത്തിന് മുന്നിലെത്തിയത്. ഇതില്‍ നടപടി സ്വീകരിച്ച കമ്മീഷന് പുനര്‍വിവാഹ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ടു.