ചെറുതോണി: ജനങ്ങള്‍ക്കിടയില്‍ ആശങ്ക ഉണര്‍ത്തി ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് മുകളിലേയ്ക്ക്. തുടര്‍ച്ചയായ മഴയില്‍ ഓറഞ്ച് അലേര്‍ട്ടിന് ഇനി രണ്ടടി മാത്രമായി ഉയര്‍ന്നു. 2393 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരമാണിത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലും ജലനിരപ്പ് ഉയരുകയാണ്- 135.9 അടി. അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ ഇടുക്കി ജില്ലാ കലക്ടര്‍ അടിയന്തര യോഗം വിളിച്ചു.
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഏഴ് അടി കൂടി പിന്നിട്ടാല്‍ ചെറുതോണി അണക്കെട്ടിലെ ഷട്ടറുകള്‍ ഉയര്‍ത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. മഴ തുടരുകയും നീരൊഴുക്കു വര്‍ധിക്കുകയും ചെയ്താല്‍ ഒരാഴ്ചയ്ക്കുള്ളില്‍ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുമെന്നു മന്ത്രി എംഎംമണി വ്യക്തമാക്കിയിരുന്നു. ജലനിരപ്പ് 2400 അടിയിലെത്തുമ്പോള്‍ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്താനാണ് കെഎസ്ഇബിയുടെ തീരുമാനം.
ജലനിരപ്പ് 2395 അടിയിലെത്തുമ്പോള്‍ കെഎസ്ഇബി രണ്ടാമത്തെ ജാഗ്രതാ നിര്‍ദേശം (ഓറഞ്ച് അലര്‍ട്ട്) നല്‍കും. ഇതിനു രണ്ടടി കൂടിയേ വേണ്ടൂ. ആദ്യ ജാഗ്രതാ നിര്‍ദേശം വ്യാഴാഴ്ച നല്‍കിയിരുന്നു. സംഭരണശേഷിയുടെ 87 ശതമാനത്തിലേറെ വെള്ളം ഇപ്പോള്‍ അണക്കെട്ടിലുണ്ട്. കഴിഞ്ഞവര്‍ഷം ഇതേ ദിവസങ്ങളില്‍ ഇടുക്കി ഡാമില്‍ 2319.08 അടി വെള്ളമാണ് ഉണ്ടായിരുന്നത്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴയ്ക്കു കുറവുണ്ട്. 59 ദശലക്ഷത്തിലേറെ യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാനാവശ്യമായ വെള്ളം അണക്കെട്ടില്‍ ഒഴുകിയെത്തി.
മൂലമറ്റം പവര്‍ഹൗസില്‍ നിന്നുള്ള വൈദ്യുതി ഉല്പാദനം 14.58 ദശലക്ഷം യൂണിറ്റായിരുന്നു. പ്രതിദിനം 50 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കുന്നതിനുള്ള വെള്ളമാണ് ഇടുക്കി അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. മുമ്പ് 1992ല്‍ ആണ് ഇടുക്കി അണക്കെട്ട് തുറന്നത്. അതിനുശേഷം തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ ജലനിരപ്പ് ഇത്രയും ഉയരുന്നത് ആദ്യമാണ്. ഈ സീസണില്‍ ഇടുക്കിയില്‍ 192.3 സെന്റിമീറ്റര്‍ മഴ ലഭിച്ചു. ദീര്‍ഘകാല ശരാശരിയെ അപേക്ഷിച്ച് 49% കൂടുതലാണിത്.